കര്‍ണ്ണാടകയില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാലയത്തിനു എതിരെ സംഘപരിവാര്‍ ആക്രമണം ; നിരവധി വിശ്വാസികള്‍ക്ക് പരിക്ക്

കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥന സ്ഥാപനത്തിന് നേരെ ആക്രമണം അഴിച്ചു വിട്ട് സംഘ്പരിവാര്‍ സംഘടനകള്‍. ഹാസന്‍ ജില്ലയിലെ ബേലൂരിലാണ് ബജ്രങ്ദളിന്റെ നേതൃത്വത്തില്‍ വിശ്വാസികളെ ആക്രമിക്കുകയും പ്രാര്‍ത്ഥന തടസപ്പെടുത്തുകയും ചെയ്തത്. ഹിന്ദുക്കളെ വ്യാപകമായി നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് സംഘം ഇവിടെയെത്തി പ്രാര്‍ത്ഥനകള്‍ തടസപ്പെടുത്തിയതെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാര്‍ത്ഥനാ ഹാള്‍ അനധികൃതമാണെന്നും ബജ്രങ്ദള്‍ സംഘം ആരോപിച്ചു. പ്രാര്‍ത്ഥനയ്ക്കെത്തിയിരുന്ന സ്ത്രീകള്‍ അക്രമികളെ തടയുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് വിഡിയോയില്‍ കാണാം. സംഭവത്തില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം.

സംഘ്പരിവാര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്നും ഇതിനാല്‍ ഞായറാഴ്ച പ്രാര്‍ത്ഥന ഒഴിവാക്കണമെന്നും കര്‍ണാടകയില്‍ പലയിടങ്ങളിലും ക്രിസ്ത്യന്‍ പുരോഹിതന്മാരോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. കര്‍ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ വലിയ തോതില്‍ സംഘ്പരിവാര്‍ ആക്രമണം നടക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് മതപുരോഹിതന്മാരെ സമീപിച്ചത്. സംഘ്പരിവാര്‍ സംഘങ്ങളുടെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ പ്രാര്‍ത്ഥനാ സംഗമങ്ങള്‍ ഒഴിവാക്കണമെന്നും തങ്ങള്‍ക്ക് സംരക്ഷണം നല്‍കാനാകില്ലെന്നുമാണ് പൊലീസ് പ്രദേശത്തെ പുരോഹിതന്മാരെ വിളിച്ച് അറിയിച്ചതെന്ന് വൈദികനായ തോമസ് ജോണ്‍സന്‍ ‘ന്യൂസ് മിനുട്ടി’നോട് പറഞ്ഞു.

വൈദികനായ ചെറിയാന്‍ ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് ചര്‍ച്ചുകളല്ലാത്ത സ്വകാര്യ വസതിയിലും വാടകയ്‌ക്കെടുത്ത കെട്ടിടങ്ങളിലുമെല്ലാമുള്ള പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ഒഴിവാക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചിരുന്നുവെന്നും തോമസ് ജോണ്‍സന്‍ പറയുന്നു.ബെലഗവിയില്‍ നടക്കുന്ന കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനം തീരുന്നതുവരെ പ്രാര്‍ത്ഥനാ സംഗമങ്ങള്‍ ഒഴിവാക്കാനാണ് പൊലീസ് നിര്‍ദേശം. ഡിസംബര്‍ 13 മുതല്‍ 24 വരെ നടക്കുന്ന സമ്മേളനത്തില്‍ വിവാദ മതപരിവര്‍ത്തന നിരോധന ബില്ല് അവതരിപ്പിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്.