ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക്

രാജ്യസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിക്ക് വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശൂരനാട് രാജശേഖരനെ പരാജയപ്പെടുത്തിയാണ് ജോസ് കെ മാണി വിജയിച്ചത്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായ ഒരു വോട്ട് അസാധുവായി. ജോസ് കെ മാണിക്ക് 96 വോട്ടും ശൂരനാട് രാജശേഖരന് 40 വോട്ടും ലഭിച്ചു. ജോസ് കെ മാണി രാജിവച്ച ഘട്ടത്തില്‍ വന്ന ഒഴിവിലേക്ക് തന്നെയാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ 9ന് ആരംഭിച്ച വോട്ടെടുപ്പ് നാല് മണിയോടെ അവസാനിച്ചു. 99 പ്രതിനിധികളാണ് എല്‍ഡിഎഫിന് ഉള്ളത്. 2024 വരെയാണ് രാജ്യസഭാംഗമായി ജോസ് കെ മാണിയുടെ കാലാവധി.

കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തിയതോടെ ജനുവരി 11 നാണ് ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചത്. മുന്നണിയിലേക്ക് വരുമ്പോഴുള്ള രാജ്യസഭാ സീറ്റ് ആ പാര്‍ട്ടിക്ക് തന്നെ നല്‍കുന്ന രീതി വച്ചാണ് സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് തന്നെ നല്‍കിയത്. അതിനിടെ വോട്ടെണ്ണല്‍ നടക്കുന്നതിനിടയില്‍ വാക്കുതര്‍ക്കമുണ്ടായി. എല്‍ഡിഎഫിന്റെ ഒരു വോട്ടിനെ ചൊല്ലിയായിരുന്നു തര്‍ക്കം. വോട്ട് പരിഗണിക്കരുതെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. വോട്ട് രേഖപ്പെടുത്തുമ്പോള്‍ ആദ്യ പിന്തുണ ആര്‍ക്കാണോ ആ പേരിനുനേരെ ഒന്ന് എന്ന് രേഖപ്പെടുത്തുകയാണ് വേണ്ടത്. എന്നാല്‍ അത്തരത്തില്‍ രേഖപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി എംഎല്‍എമാര്‍ രംഗത്തെത്തി. ആകെ 137 വോട്ടുകളാണ് പോള്‍ ചെയ്തത്. എല്‍.ഡി.എഫില്‍ 99 നിയമസഭാംഗങ്ങള്‍ ഉണ്ടെങ്കിലും ടി. പി. രാമകൃഷ്ണന്‍, പി. മമ്മിക്കുട്ടി എന്നിവര്‍ കോവിഡ് ബാധിതരായതിനാല്‍ 97 പേര്‍ മാത്രമാണ് രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്.

2014 ല്‍ കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ജോസ് കെ മാണി 11 മാസം ബാക്കിനില്‍ക്കെയാണ് അംഗത്വം രാജി വെച്ച് അന്ന് രാജ്യസഭയിലേക്ക് പോയത്. യുഡിഎഫില്‍ നിന്നും മത്സരിച്ചാണ് ജോസ് കെ മാണി 2018 ജൂണില്‍ രാജ്യസഭയില്‍ എത്തിയത്. 2020 ഒക്ടോബറില്‍ ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയില്‍ എത്തിയതോടെ ജോസ് കെ മാണി രാജി വെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മൂന്നു മാസം വൈകി, 2021 ജനുവരി ഒമ്പതിനാണ് ജോസ് കെ മാണി രാജ്യസഭ എംപി സ്ഥാനം രാജിവെച്ചത്.