വിഷാദ രോഗം ; യുവാവ് രണ്ട് മക്കളെയും അയല്‍വാസികളെയും വെട്ടിക്കൊന്നു ; കൊല്ലപ്പെട്ടവരില്‍ പോലീസുകാരും
വിഷാദരോഗം മൂര്‍ച്ഛിച് മാനസിക നില തകരാറില്‍ ആയ യുവാവ് സ്വന്തം മക്കളെയടക്കം അഞ്ച് പേരെ വെട്ടിക്കൊന്നു .ത്രിപുരയിലെ ഖോവേയിലാണ് സംഭവം നടന്നത്. പ്രദീപ് ദേവ്‌റായി എന്നയാളാണ് കൊലപാതകം നടത്തിയത്. ഇയാള്‍ കടുത്ത വിഷാദരോഗത്തിന് അടിമയാണെന്ന് പൊലീസ് പറയുന്നു. വിഷാദ രോഗം മൂലം മറ്റുള്ളവരോട് സംസാരിക്കുന്നത് പ്രദീപ് അവസാനിപ്പിച്ചിരുന്നു. ഇതിനിടയിലാണ് പെട്ടെന്ന് പ്രകോപിതനായുള്ള ആക്രമണം. വെള്ളിയാഴ്ച്ച രാത്രിയായിരുന്നു സംഭവം. കൊല്ലപ്പെട്ടവരില്‍ സംഭവം അന്വേഷിക്കാന്‍ എത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടും.
രാത്രി പെട്ടെന്ന് പ്രകോപിതനായ പ്രദീപ് മണ്‍വെട്ടി ഉപയോഗിച്ച് കുടുംബാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. രണ്ട് പെണ്‍മക്കളേയും മൂത്ത സഹോദരനേയുമാണ് പ്രദീപ് വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രദീപിന്റെ ഭാര്യ മീന ചികിത്സയിലാണ്. പ്രദീപിന്റെ കണ്ണുവെട്ടിച്ച് ഒളിച്ചിരുന്നതിനാലാണ് മീനയുടെ ജീവന്‍ രക്ഷപ്പെട്ടത്. മക്കളേയും സഹോദരനേയും കൊലപ്പെടുത്തിയ ശേഷം മണ്‍വെട്ടിയുമായി വീടിന് പുറത്തിറങ്ങിയ പ്രദീപ് അയല്‍വീടുകളിലും ഓടിക്കയറാന്‍ ശ്രമിച്ചു. പേടിച്ചരണ്ട അയല്‍വാസികള്‍ വാതില്‍ അടക്കുകയായിരുന്നു. അയല്‍വാസികളില്‍ ചിലര്‍ പ്രദീപിനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മറ്റു ചിലര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഈ സമയത്ത് അതുവഴി പോയ ഓട്ടോറിക്ഷയേയും പ്രദീപ് ആക്രമിച്ചു. ഓട്ടോയിലുണ്ടായിരുന്ന കൃഷ്ണ ദാസ്, മകന്‍ കരണ്‍ബീര്‍ എന്നിവരെ കയ്യിലുണ്ടായിരുന്ന മണ്‍വെട്ടി കൊണ്ട് വെട്ടി. കൃഷ്ണദാസ് സംഭവസ്ഥലത്തു വെച്ചു തന്നെ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കരണ്‍ബീര്‍ ചികിത്സയിലാണ്. പൊലീസെത്തി പ്രദീപിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സത്യജിത്ത് മാലിക് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്. പ്രദീപിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സത്യജിത് മാലിക് എന്ന ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് മരണപ്പെട്ടു. നിരവധി പേര്‍ക്ക് പ്രദീപിന്റെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.