കുട്ടികളിലും മുതിര്‍ന്നവരിലും അമിതവണ്ണം ; ആശങ്ക പങ്കുവച്ച് വിദഗ്ധര്‍

രാജ്യത്ത് അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ അമിതഭാരം കൂടുന്നതായി റിപ്പോര്‍ട്ട്.ദേശീയ കുടുംബാരോഗ്യ സര്‍വേ (എന്‍എഫ്എച്ച്എസ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവവും അനാരോഗ്യകരമായ ഭക്ഷണശീലവുമാണ് അമിതഭാരത്തിന് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 3.4 ശതമാനമാണ് നിലവില്‍ അമിതഭാരമുള്ള കുട്ടികളുടെ എണ്ണം. 2015-16 കാലയളവില്‍ ഇത് 2.1 ശതമാനമായിരുന്നു.

എന്‍എഫ്എച്ച്എസ് അഞ്ചാംഘട്ട സര്‍വേയില്‍ അമിതഭാരമുള്ള സ്ത്രീകളുടെ എണ്ണം 20.6 ശതമാനത്തില്‍നിന്ന് 24 ശതമാനമായി ഉയര്‍ന്നപ്പോള്‍ പുരുഷന്മാരുടെ എണ്ണം 18.9 ശതമാനത്തില്‍നിന്ന് 22.9 ശതമാനമായി. മഹാരാഷ്ട്ര, ഗുജറാത്ത്, മിസോറം, ത്രിപുര, ലക്ഷദ്വീപ്, ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, ലഡാക്ക് എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളിലെല്ലാം അമിതഭാരമുള്ള കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. ഗോവ, ദാദ്ര-നാഗര്‍ ഹാവേലി, തമിഴ്നാട്, ദാമന്‍ ആന്‍ഡ് ദിയു എന്നിവിടങ്ങളില്‍ മാത്രമാണ് അഞ്ച് വയസ്സിന് താഴെയുള്ള അമിതഭാരമുള്ള കുട്ടികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയത്.

ഷുഗറും കൊഴുപ്പും കൂടുതലുള്ള ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഉപഭോഗത്തിലെ വര്‍ധനയും, പ്രോട്ടീന്‍, വിറ്റാമിന്‍ എന്നിവയുടെ ഉപഭോഗത്തിലുണ്ടായ കുറവുമാണ് കഴിഞ്ഞ 15 വര്‍ഷമായി രാജ്യത്തെ സ്ത്രീകളിലും പുരുഷന്മാരിലും കുട്ടികളിലുമുണ്ടാകുന്ന അമിതഭാര പ്രവണതയ്ക്കു പിന്നിലെന്നാണ് പോപ്പുലേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പൂനം മുട്രേജ പറഞ്ഞു. ഇതോടൊപ്പം വര്‍ധിച്ചുവരുന്ന വരുമാനവും ഒരു ഘടകമാണെന്നും അവര്‍ പറയുന്നുണ്ട്. ശരീരഭാര സൂചികയില്‍ 25 കിലോഗ്രാമോ അതില്‍ കൂടുതലോ ഉള്ള സ്ത്രീകളെയും പുരുഷന്മാരെയുമാണ് അമിതഭാരമുള്ളവരായി കണക്കാക്കുന്നത്. കുട്ടികളില്‍ ഉയരത്തിനനുസരിച്ച ശരീരഭാരവും നോക്കിയാണ് അമിതഭാരം കണക്കാക്കുന്നത്.