ആര് പറഞ്ഞു ലോക്സഭ ആകര്‍ഷകമല്ലെന്ന് ? വൈറലായി വനിതാ എംപിമാര്‍ക്ക് ഒപ്പമുള്ള തരൂരിന്റെ ചിത്രം

വനിതാ എംപിമാര്‍ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ശശി തരൂര്‍ എംപി. ലോക്സഭയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആറ് വനിതാ എംപിമാര്‍ക്ക് ഒപ്പമുള്ള ചിത്രമാണ് തരൂര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ‘ ലോക്സഭ ജോലി ചെയ്യാന്‍ ആകര്‍ഷണീയമായ സ്ഥലമല്ലെന്ന് ആര് പറഞ്ഞു?’ എന്ന ക്യാപ്ഷനോട് കൂടിയാണ് തരൂര്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള എന്‍സിപി എംപി സുപ്രിയ സുലേ, അമരീന്ദര്‍ സിങിന്റെ ഭാര്യയും പഞ്ചാബില്‍ നിന്നുള്ള എംപിയുമായ പ്രണീത് കൗര്‍, തമിഴ്നാട്ടില്‍ നിന്നുള്ള ഡിഎംകെ എംപിയായ തമിഴാച്ചി തങ്കപാഢ്യന്‍, ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാന്‍, തമിഴ്നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായ ജ്യോതിമണി സെന്നിമലൈ, നടിയും ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ മിമി ചക്രബര്‍ത്തിയുമാണ് സെല്‍ഫിയില്‍ തരൂരിനൊപ്പമുള്ളത്.

പോസ്റ്റ് വൈറലാവാന്‍ അധികം സമയം ഒന്നും എടുത്തില്ല. എന്നാല്‍ പോസ്റ്റിന് താഴെ വിമര്‍ശനാത്മകമായ കമന്റുകളുമായി നിരവധിപേര്‍ രംഗത്തെത്തി. ഇത്രമാത്രമല്ലോ സ്ത്രീ പങ്കാളിത്തം, തരൂരിന്റേത് വിവേചനമാണ് എന്നൊക്കെയാണ് കമന്റുകള്‍. നിരവധി പേര്‍ വിമര്‍ശന കമന്റുകള്‍ നല്‍കിയതോടെ തരൂര്‍ ആ പോസ്റ്റ് എഡിറ്റ് ചെയ്ത് വിശദീകരണം നല്‍കി. സെല്‍ഫി വനിതാ എംപിമാര്‍ മുന്‍കയ്യെടുത്ത് തമാശയായി എടുത്തതാണ്. അവര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പങ്കിട്ടതെന്നും തരൂര്‍ വ്യക്തമാക്കി. എന്നാല്‍ ഈ ഫോട്ടോ ചില ആളുകള്‍ക്ക് വിഷമമുണ്ടാക്കി എന്നറിഞ്ഞതില്‍ ക്ഷമ ചോദിക്കുന്നും. എന്നാല്‍ ജോലി സ്ഥലത്തെ സൗഹൃദ പ്രകടനത്തിന്റെ ഭാഗമായതില്‍ താന്‍ സന്തോഷവാനാണ് എന്നും തരൂര്‍ വിശദീകരിച്ചു. എന്നാല്‍ എന്തിനു വിശദീകരണം നല്‍കണം എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.