സീരിയല്‍ നടിയുടെ വ്യാജ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചു ; ഒരാള്‍ കൂടി അറസ്റ്റില്‍

സിനിമാ സീരിയല്‍ നടിയുടെ വ്യാജ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ദില്ലി സാഗര്‍പൂര്‍ സ്വദേശി ഭാഗ്യരാജ് (22) നെയാണ് പ്രത്യേക സംഘം ദില്ലിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ മണികണ്ഠന്‍ ശങ്കെറ അറസ്റ്റ് ചെയ്തിരുന്നു. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശാനുസരണം സിറ്റി പൊലീസ് കമീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രൂപവല്‍കരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

നടി പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതുവഴിയാണ് ഇവര്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. സൈബര്‍ ക്രൈം പൊലീസ് അസി. കമ്മീഷണര്‍ ടി. ശ്യാംലാല്‍, ഇന്‍സ്‌പെക്ടര്‍ എസ്.പി. പ്രകാശ്, എസ്‌.െഎ ആര്‍.ആര്‍. മനു, പൊലീസ് ഉദ്യോഗസ്ഥരായ വി.എസ്. വിനീഷ്, എ.എസ്. സമീര്‍ഖാന്‍, എസ്.മിനി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ന് തിരുവനന്തപുരത്ത് എത്തിക്കുന്ന പ്രതിയെ കോടതിയില്‍ ഹാജരാക്കും. പ്രതികളെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്ന് നടി പ്രവീണ പ്രതികരിച്ചു. ചലച്ചിത്ര രംഗത്തെ പല നടികള്‍ക്കുമെതിരെ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ നടക്കുന്നുണ്ട്.എന്നാല്‍ പലരും പ്രതികരിക്കാന്‍ തയ്യാറാകാത്തതാണ് കുറ്റവാളികള്‍ക്ക് പ്രോല്‍സാഹനമാകുന്നത്. ആ സാഹചര്യം ഒഴിവാക്കി എല്ലാവരും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായാല്‍ പരാതിയുമായി രംഗത്തെത്തണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മറ്റൊരു സംഭവത്തില്‍ വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രം പ്രചരിപ്പിച്ച തിരുവനന്തപുരം സ്വദേശിയായ യുവതി പിടിയിലായി.കാഞ്ഞിരംപ്പാറ സ്വദേശി സൗമ്യയെയാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഹണിട്രാപ്പിലൂടെ ഇരയാക്കുന്ന യുവാക്കളുടെ ഫേസ്ബുക്ക്, വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ വഴിയാണ് സൗമ്യ നഗ്‌നചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചത്. നൂറിലധികം ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴി ഒരു യുവതിയുടെ നഗ്‌നചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. യുവതിയുടെ വീട്ടുകാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം ഈ അക്കൗണ്ട് ഉടമകളിലേക്കെത്തി. യുവാക്കളിലേക്ക് അന്വേഷണമെത്തിയപ്പോഴാണ് സൗമ്യ ഒരുക്കിയ ഹണിട്രാപ്പിന്റെ ചുരുളഴിഞ്ഞത്.