മുന്നറിയിപ്പില്ലാതെ ഡാം തുറന്നു ; തമിഴ് നാടിനു എതിരെ ജലകമ്മീഷനില്‍ പരാതിപ്പെടുമെന്നു കേരളം
മുല്ലപ്പെരിയാറില്‍ നിന്നും മുന്നറിയിപ്പില്ലാതെ രാത്രി ജലം തുറന്നു വിട്ടതിലുള്ള പ്രതിഷേധം കേന്ദ്ര ജല കമ്മീഷനെയും മേല്‍നോട്ട സമിതി ചെയര്‍മാനെയും തമിഴ്‌നാടിനെയും അറിയിക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ . രാത്രികാലങ്ങളില്‍ വെള്ളം തുറന്നു വിടുന്നത് ഒഴിവാക്കണം. ജലനിരപ്പ് 142 അടിയായാല്‍ പകല്‍ തന്നെ കൂടുതല്‍ വെള്ളം തുറന്നു വിടണം.രാത്രിയില്‍ വെള്ളം ഒഴുക്കുന്ന സ്ഥിതി ഒട്ടും ഭൂഷണമല്ല. ഇരു സംസ്ഥാനങ്ങളും ചര്‍ച്ച ചെയ്തു പുതിയ അണക്കെട്ട് നിര്‍മിക്കാനായി പരസ്പര സഹകരണത്തിനാണ് ശ്രമിക്കുന്നത്. തമിഴ്‌നാടുമായി തര്‍ക്കമില്ലെന്നും മന്ത്രി പറഞ്ഞു.
തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയുമാണ് ഉറപ്പാക്കേണ്ടത്. സമുദ്രനിരപ്പില്‍നിന്ന് 792.2 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇന്നലെ വാണിങ് ലെവല്‍ 794.2 അടി ആയിരുന്നു. അത് 794.05 വരെയെത്തി. 795 അടിയാണ് അപകട ലെവല്‍. 2018ല്‍ 797 ആയിരുന്നു ലെവല്‍. അത്ര പ്രശ്‌നമുണ്ടായില്ലെങ്കിലും ഇന്നലെ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടത് രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനെ ബാധിച്ചു. നിലവില്‍ അടിയന്തര സാഹചര്യം നേരിടാന്‍ ആര്‍ഡിഒ, പീരുമേട് ഡിവൈഎസ്പി, ഫയര്‍ഫോഴ്‌സ് എന്നി സംവിധാനങ്ങള്‍ തയ്യാറാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിനെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
ടണലില്‍കൂടി 2300 ക്യുസെക്‌സ് വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. പുറത്തേക്ക് ഒഴുക്കുന്നതു കൂടി കണക്കിലെടുത്താല്‍ ഒരു ലക്ഷം ലീറ്റര്‍ വെള്ളമാണ് ഡാമിന് പുറത്തേക്കു പോകുന്നത്. ജലനിരപ്പ് കൂടാത്തതിനാലാകും ഇങ്ങനെ ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. രാത്രിയില്‍ ജലം ഒഴുക്കിവിടാതെ പകല്‍ ഒഴുക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് തമിഴ്‌നാട് അനുകൂലമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ, മുല്ലപ്പെരിയാര്‍ ഡാമില്‍ തുറന്ന ഒന്‍പത് ഷട്ടറുകളില്‍ ആറെണ്ണം അടച്ചു. ജലനിരപ്പ് 141.95 അടിയായി. 3 ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്.
അതേസമയം മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലാണെന്ന് എം എം മണി എംഎല്‍എ പറഞ്ഞു. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മ്മിച്ച ഡാമിന്റെ അകം കാലിയാണ്. അതില്‍ സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ല, അപകടാവസ്ഥയിലാണോന്ന് അറിയാന്‍ ഇനിയും തുരന്ന് നോക്കുന്നത് വിഡ്ഢിത്വമാണ്. വണ്ടിപ്പെരിയാറിന് മുകളില്‍ ജലബോംബായി മുല്ലപ്പെരിയാര്‍ നില്‍ക്കുകയാണ്. എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലുള്ളവര്‍ വെള്ളം കുടിച്ചും തമിഴ്നാട്ടുകാര്‍ വെള്ളം കുടിയ്ക്കാതെയും മരിക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് രാഷ്ട്രീയം കളിയ്ക്കുകയാണെന്ന് കുറ്റപ്പെടുത്തിയ മണി ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താല്‍ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്നും പറഞ്ഞു.