തമിഴ്നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും

തമിഴ്നാട്ടിലേക്കുള്ള സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കുവാന്‍ കെഎസ്ആര്‍ടിസി തീരുമാനം. കേരളത്തിലേക്കുള്ള ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കി. കോവിഡ് സമയത്ത് നിര്‍ത്തിയ സര്‍വീസുകളാണ് ഒരു വര്‍ഷവും എട്ട് മാസവും കഴിഞ്ഞ് പുനരാരംഭിക്കുന്നത്. തമിഴ്നാട് സര്‍ക്കാര്‍ എല്ലാ മാസവും കോവിഡ് അവലോകനം നടത്താറുണ്ട്. ചൊവ്വാഴ്ച നടത്തിയ അവലോകന യോഗത്തില്‍ ലോക്ഡൗണ്‍ ഡിസംബര്‍ 15 വരെ നീട്ടാനും കൂടുതല്‍ ഇളവുകള്‍ നല്‍കാനും തീരുമാനിച്ചു.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഇളവാണ് കേരളത്തിലുള്ള പൊതുഗതാഗതം പുനഃസ്ഥാപിച്ചത്. കേരളത്തിലേക്കുള്ള ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ബുധനാഴ്ച (ഡിസംബര്‍ 1) മുതല്‍ തമിഴ്നാട്ടിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. നിലവില്‍ സംസ്ഥാന അതിര്‍ത്തിവരെ മാത്രമാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത്.