ഓമിക്രോണ്‍ അത്രയ്ക്ക് ഭീകരന്‍ അല്ല ; ഭീതി ഉയര്‍ത്തി വ്യാജ സന്ദേശങ്ങള്‍
ലോകം ഇപ്പോള്‍ കൊറോണയുടെ പുതിയ വകഭേദമായ ഓമിക്രോണ്‍ ഭീതിയിലാണ്. ഓമിക്രോണ്‍ വൈറസ് ബാധിച്ചു ആരെങ്കിലും മരിച്ചതായി ഇതുവരെ റിപ്പോര്‍ട്ടുകള്‍ ഒന്നും വന്നിട്ടില്ല. എന്നിരുന്നാലും മുന്‍കരുതല്‍ എന്ന നിലയില്‍ രാജ്യങ്ങള്‍ എല്ലാം കനത്ത ജാഗ്രതയില്‍ ആണ്. ദക്ഷിണാഫ്രിക്കയിലെ ആരോഗ്യവിദഗ്ധരാണ് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആദ്യമായി കണ്ടെത്തുന്നത്. ഇതിനു പിന്നാലെ ലോകരാഷ്ട്രങ്ങളെല്ലാം അതീവ ജാഗ്രതയിലാണുള്ളത്. ഇന്ത്യയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
പുതിയ വകഭേദത്തിന് അതിവ്യാപനശേഷിയുണ്ടെന്ന് കഴിഞ്ഞ ദിവസം ഡബ്ല്യുഎച്ച്ഒയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒമിക്രോണ്‍ കണ്ടെത്തിയതിനു പിറകെ പുതിയ വകഭേദത്തെക്കുറിച്ചുള്ള ഗവേഷണത്തിലാണ് ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡെല്‍റ്റ വകഭേദത്തിന്റെ അത്രയും ഭീകരമല്ല കാര്യങ്ങളെന്നാണ് അസോസിയേഷന്‍ ചെയര്‍പേഴ്‌സന്‍ ആംഗെലിക് ക്വാട്സീ സൂചിപ്പിക്കുന്നത്. അതുപോലെ ഒമിക്രോണ്‍ കണ്ടെത്തിയതിന് പിന്നാലെ കേരളത്തിലും വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുകയാണ്. കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍ പി.വേണുഗോപാലിന്റെ സന്ദേശമെന്ന പേരിലാണ് വ്യാജപ്രചാരണം. നിയമ നടപടി ആവശ്യപ്പെട്ട് ഡോക്ടര്‍ വേണുഗോപാല്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്നതിനെക്കാളും വേഗത്തിലാണ് എങ്ങിനെ ഒമിക്രോണിനെ പ്രതിരോധിക്കേണ്ടതെന്ന വ്യാജ സന്ദേശം പ്രചരിക്കുന്നത്. യാതൊരു അടിസ്ഥാനവുമില്ലാത്ത സന്ദേശം തന്റെ പേരില്‍ പ്രചരിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഡോ. വേണുഗോപാല്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. കോവിഡ് രണ്ടാംതരംഗത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്ന വ്യാജ സന്ദേശങ്ങളുടെ ഉറവിടം സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ നിരന്തരം തന്റെ പേര് ദുരുപയോഗം ചെയ്യുന്നതിനെതിരെ നടപടി വേണമെന്നാണ് ഡോക്ടറുടെ ആവശ്യം. ഡോ. വേണുഗോപാലിന്റെ പേരില്‍ മാത്രമല്ല, നിരവധി ഡോക്ടര്‍മാരുടെ പേരില്‍ ഇത്തരം കുറിപ്പുകള്‍ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം ഒമിക്രോണ്‍ ബാധിച്ചവരില്‍ ശക്തമായ ക്ഷീണമുണ്ടാകും. ഇക്കാര്യത്തില്‍ പ്രായവ്യത്യാസമില്ല. യുവാക്കള്‍ക്കും നല്ല രീതിയില്‍ ക്ഷീണമുണ്ടാകും. ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ വൈറസ് ബാധിതരില്‍ വലിയ തോതിലുള്ള ശ്വാസപ്രശ്നങ്ങള്‍ നേരിട്ടിരുന്നു. ഓക്സിജന്‍ ലഭ്യതക്കുറവ് നിരവധി പേരുടെ ജീവനെടുക്കുകയും ചെയ്തു. എന്നാല്‍, പുതിയ വകഭേദം ബാധിച്ചവരില്‍ കാര്യമായ ശ്വസനപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കോവിഡിന്റെ തുടക്കംമുതലുള്ള പ്രധാന ലക്ഷണങ്ങളിലൊന്നായിരുന്നു ഭക്ഷണത്തിന്റെ രുചിയും മണവും നഷ്ടപ്പെടുന്നത്. എന്നാല്‍, ഒമിക്രോണ്‍ ബാധിച്ചവരില്‍ ഇങ്ങനെയൊരു ലക്ഷണം കാണുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സാധാരണ കോവിഡ് രോഗിയെപ്പോലെ തൊണ്ടവേദനയും തൊണ്ടയിലെ അസ്വസ്ഥതകളും പുതിയ വകഭേദത്തിലും കാണപ്പെടുന്നുണ്ട്. ഒമിക്രോണ്‍ ബാധിച്ചവരില്‍ വൈറസ് ബാധ അധികം നീണ്ടുനില്‍ക്കില്ല. പുതിയ വകഭേദം ബാധിച്ചവരില്‍ ഭൂരിഭാഗം പേരും ആശുപത്രിവാസമില്ലാതെത്തന്നെ രോഗമുക്തരായിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.