ഇന്ത്യന്‍ നാവിക സേനയെ ഇനി മലയാളി നയിക്കും ; ആര്‍ ഹരികുമാര്‍ ചുമതലയേറ്റു

ഇന്ത്യന്‍ നാവിക സേനയെ ഇനി മലയാളി നയിക്കും. നാവിക സേനയുടെ മേധാവിയായി മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ ആര്‍ ഹരികുമാര്‍ ചുമതലയേറ്റു. അഡ്മിറല്‍ കരംബീര്‍ സിങ് സ്ഥാനമൊഴിഞ്ഞതോടെയാണ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ചുമതലയേറ്റത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് ആര്‍. ഹരികുമാര്‍. 1983ലാണ് അദ്ദേഹം നാവികസേനയിലെത്തുന്നത്. 1962 ഏപ്രില്‍ 12ന് തിരുവനന്തപുരത്തെ പട്ടത്താണ് ഹരികുമാറിന്റെ ജനനം. പിന്നീട് തിരുവനന്തപുരത്ത് മന്നം മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ ഉപരിപഠനത്തിനു ചേര്‍ന്നു. ഇതിനുപിന്നാലെ 1979 ലാണ് നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്ന് സൈനിക വിദ്യാഭ്യാസത്തിന്റെ ആദ്യ പടിയിലേക്ക് ഹരികുമാര്‍ കാലു വയ്ക്കുന്നത്.

പശ്ചിമ നേവല്‍ കമാണ്ട് മേധാവി സ്ഥാനത്ത് നിന്നാണ് നാവിക സേനയുടെ തന്നെ തലപ്പത്തേക്ക് തിരുവനന്തപുരം സ്വദേശി കൂടിയായ ആര്‍ ഹരികുമാര്‍ എത്തുന്നത്.ഐഎന്‍എസ് വിരാട് എന്ന വിമാനവാഹിനി യുദ്ധക്കപ്പലിന്റെ കമാന്‍ഡറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനുപുറമേ ഐഎന്‍എസ് നിഷാങ്ക്, ഐഎന്‍എസ് രണ്‍വീര്‍, ഐഎന്‍എസ് കോറ തുടങ്ങിയ യുദ്ധക്കപ്പലുകളുടെ തലവനുമായിരുന്നു അദ്ദേഹം. 2024 ഏപ്രില്‍ മാസം വരെയാകും കാലാവധി. പരം വിശിഷ്ട സേവാ മെഡല്‍ (PVSM), അതി വിശിഷ്ട സേവാ മെഡല്‍ (AVSM), വിശിഷ്ട സേവാ മെഡല്‍ (VSM) എന്നിവ ലഭിച്ചിട്ടുണ്ട്.