22 മണിക്കൂര്‍ നീണ്ട ജോലി ; കുഴഞ്ഞു വീണ ASI മരിച്ചു

22 മണിക്കൂറുകള്‍ നീണ്ട ഡ്യൂട്ടിക്ക് ശേഷം പൊലീസ് സ്റ്റേഷന് പുറത്തേക്കിറങ്ങുന്നതിനിടെ കുഴഞ്ഞു വീണു പടിക്കെട്ടില്‍ തലയടിച്ചു ചികിത്സയിലായിരുന്ന എഎസ്‌ഐ മരിച്ചു. കൊല്ലം എഴുകോണ്‍ സ്റ്റേഷനിലെ എഎസ്‌ഐ പെരുമ്പുഴ അസീസി അറ്റോണ്‍മെന്റ് ആശുപത്രിക്ക് സമീപം ശ്രീമതി വിലാസത്തില്‍ ബി ശ്രീനിവാസന്‍ പിള്ള (47) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 7.30ന് എഴുകോണ്‍ പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ 9 നാണ് ശ്രീനിവാസന്‍പിള്ള ഡ്യൂട്ടിക്ക് കയറിയത്. ശനിയാഴ്ച രാവിലെ 9നു ജോലി കഴിഞ്ഞ് ഇറങ്ങാനിരിക്കുകയായിരുന്നു. അതിനിടെ ഏഴര മണിയോടെ പുറത്തേക്ക് ഇറങ്ങവേ പടിക്കെട്ടിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു.

വീഴ്ചയില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ശ്രീനിവാസന്‍പിള്ളയെ സഹപ്രവര്‍ത്തകര്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് വെന്റിലേറ്ററിലേക്കു മാറ്റി. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മസ്തിഷ്‌കാഘാതം സംഭവിച്ചു.അതേസമയം മരണത്തിലും മൂന്നു പേര്‍ക്ക് പുതു ജീവന്‍ നല്കാന്‍ ശ്രീനിവാസന്‍ പിള്ളയ്ക്ക് കഴിഞ്ഞു. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ സമ്മതമറിയിച്ചതിനെത്തുടര്‍ന്ന് വൃക്ക, കരള്‍ എന്നീ അവയവങ്ങള്‍ കോട്ടയം, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളിലേക്ക് ദാനം ചെയ്തു. ശ്രീനിവാസന്‍ പിള്ള രണ്ടു വര്‍ഷമായി എഴുകോണ്‍ സ്റ്റേഷനില്‍ എഎസ്‌ഐ ആയി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: വി.എസ്. പ്രീത (പ്ലാനിങ് ബോര്‍ഡ് ഓഫീസ്, തിരുവനന്തപുരം). മക്കള്‍: ശ്രീലക്ഷ്മി, ഗായത്രി (ഇരുവരും വിദ്യാര്‍ഥിനികള്‍). മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.