കര്‍ഷക നിയമങ്ങള്‍ റദ്ദായി ; ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു
വിവാദമായ കാര്‍ഷിക നിയമങ്ങള്‍ റദ്ദായി. ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാര്‍ഷികനിയമങ്ങളും പിന്‍വലിക്കാനുള്ള ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചര്‍ച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളും മിനിറ്റുകള്‍ക്കകം പാസ്സാക്കിയത്. ബില്ലില്‍ ചര്‍ച്ചകള്‍ വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ഇരുസഭകളിലും പ്രതിപക്ഷം ബഹളംവെച്ചിരുന്നു. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ബില്‍ അവതരിപ്പിച്ചിരുന്നത്. എല്ലാ പാര്‍ട്ടികളും ബില്ലിനെ അനുകൂലിക്കുന്നുവെന്നും ആരും എതിര്‍ക്കുന്നില്ലെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞിരുന്നു.
നേരത്തെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു. ബില്ലിന്മേല്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയിരുന്നത്. ബില്ലിന്മേല്‍ ചര്‍ച്ച നടത്താത്തതിനെ പ്രതിപക്ഷം ലോക്സഭയില്‍ എതിര്‍ത്തിരുന്നു. നിയമം പിന്‍വലിക്കും മുമ്പ് അഞ്ചോ ആറോ തവണ ചര്‍ച്ച വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഒരു വര്‍ഷത്തിലധികം നീണ്ട ഐതിഹാസികമായ കര്‍ഷകസമരത്തെത്തുടര്‍ന്ന് കര്‍ഷകര്‍ക്ക് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ കീഴടങ്ങുകയായിരുന്നു. ചര്‍ച്ച കൂടാതെത്തന്നെ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നിയമങ്ങള്‍ എന്തുകൊണ്ടാണ് പിന്‍വലിക്കുന്നതെന്ന് ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയടക്കം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടുമുണ്ട്. അതിനാല്‍ ചര്‍ച്ച വേണ്ടെന്നായിരുന്നു കേന്ദ്രനിലപാട്.
2020 സെപ്റ്റംബറിലാണ് രാജ്യത്തെ കര്‍ഷകരെ ഞെട്ടിച്ച് മൂന്ന് വിവാദ കര്‍ഷകനിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഇതിനെതിരെ രാജ്യത്ത് കര്‍ഷകസമരം ഇരമ്പി. ദില്ലി അതിര്‍ത്തികള്‍ വളഞ്ഞ് കര്‍ഷകര്‍ സമരമിരുന്നപ്പോള്‍ അവരെ അനുനയിപ്പിക്കാന്‍ പല തവണ കേന്ദ്രം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ലോകം മുഴുവന്‍ ദില്ലിയുടെ അതിര്‍ത്തിയായ സിംഘുവിലേക്ക്, സമരപ്പന്തലുകളിലേക്കുറ്റുനോക്കി. ട്രാക്റ്റര്‍ റാലിക്കിടെയുണ്ടായ അക്രമങ്ങളിലൂടെ കര്‍ഷകസമരത്തെ ഇകഴ്ത്തിക്കാട്ടാന്‍ ബിജെപി ശ്രമിച്ചെങ്കിലും നടന്നില്ല. കര്‍ഷകരെ കോണ്‍ഗ്രസ് ഇളക്കിവിടുകയാണെന്ന് പലപ്പോഴും ബിജെപി ആരോപണമുന്നയിച്ചെങ്കിലും സംയുക്ത കിസാന്‍ മോര്‍ച്ചയെന്ന പൊതുവേദിയില്‍ ഊന്നി നിന്ന് സമരഭൂമിയില്‍ ഭിന്നിപ്പുണ്ടാകാതിരിക്കാന്‍ നേതാക്കള്‍ ശ്രദ്ധിച്ചു.
ഒടുവില്‍ ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കര്‍ഷകര്‍ക്കിടയിലേക്ക് വണ്ടി ഇടിച്ചുകയറ്റി നടത്തിയ കൂട്ടക്കൊല രാജ്യത്തെ നടുക്കി. ഇതോടെ കേന്ദ്രസര്‍ക്കാരിന് നില്‍ക്കക്കള്ളിയില്ലാതായി. നടപ്പാക്കിയ നിയമം ഒരു വര്‍ഷത്തിനു ശേഷം പിന്‍വലിക്കുന്ന അസാധാരണ നടപടിയിലേക്ക് കേന്ദ്രത്തിന് കടക്കേണ്ടി വന്നു. കാര്‍ഷിക നിയമങ്ങള്‍ നിലവില്‍ വന്ന് ഒരു വര്‍ഷവും രണ്ട് മാസവുമാകുമ്പോള്‍ നവംബര്‍ 19-നാണ് മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി അപ്രതീക്ഷിതമായി ഒരു ടെലിവിഷന്‍ പ്രസ്താവനയിലൂടെ പ്രഖ്യാപിക്കുന്നത്.