നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂരിനും ആന്റോ ജോസഫിനും ആദായ നികുതി വകുപ്പ് നോട്ടീസ്

സിനിമാ നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂരിനും ആന്റോ ജോസഫിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. കണക്കുകളില്‍ പൊരുത്തക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് രേഖകള്‍ ഹാജരാക്കണമെന്ന് കാണിച്ചാണ് നോട്ടീസ്. ആന്റണി പെരുമ്പാവൂരിന്റെ ഉടസ്ഥതയിലുളള ആശീര്‍വാദ് ഫിലിംസ്, ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, ആന്റോ ജോസഫിന്റെ ആന്‍ മെഗാ മീഡിയ എന്നിവിടങ്ങളില്‍ കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിരുന്നു. ഇവരുടെ ടിഡിഎസ് കണക്കുകളില്‍ വന്‍ തുകയുടെ വ്യത്യാസം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

താരങ്ങള്‍ക്ക് പ്രതിഫലം നല്‍കുമ്പോള്‍ ടിഡിഎസ് കുറച്ചിട്ടുളള തുകയാണ് നിര്‍മാതാക്കള്‍ നല്‍കുന്നത്. ഈ ടിഡിഎസ് പിന്നീട് ആദായ നികുതിയായി അടയ്ക്കണം. എന്നാല്‍ പല നിര്‍മാതാക്കളും ഈ തുക അടയ്ക്കാതെ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തി. താരങ്ങളുടെ പ്രതിഫലം കുറച്ച് കാണിച്ചും ടിഡിഎസ് വെട്ടിപ്പ് നടത്തിയതായി തിരിച്ചറിഞ്ഞിട്ടുണ്ട്. യഥാര്‍ഥ പ്രതിഫലത്തിന്റെ നാലിലൊന്നുമാത്രം കണക്കില്‍ കാണിക്കുകയും ബാക്കി തുകയ്ക്കുളളത് വിതരണക്കരാറായി മാറ്റുകയുമാണ് ചെയ്യുന്നത്. ഇതു ബോധ്യപ്പെട്ടതോടെയാണ് കൂടുതല്‍ പരിശോധനയ്ക്ക് കണക്കുകള്‍ ഹാജരാക്കാന്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതുപോലെ ടിഡിഎസ് തിരിമറിയുണ്ടോ എന്ന് കണ്ടെത്താന്‍ പൃത്ഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു ഉള്‍പ്പെടെയുളളവരുടെ നിര്‍മാണ കമ്പനികളിലും ഇന്ന് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. നടന്‍ പൃത്ഥ്വിരാജിന്റെ ഉടമസ്ഥതയിലുളള പൃത്ഥ്വിരാജ് പ്രൊഡക്ഷന്‍സ്, ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേ ഫെയറര്‍ ഫിലിംസ്, വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് എന്നിവിടങ്ങളിലാണ് ആദായ നികുതി വകുപ്പ് ടിഡിഎസ് വിഭാഗത്തിന്റെ പരിശോധന നടന്നത്. ഇവരുടെ നിര്‍മാണ കമ്പനികളുടെ കണക്കുകളും രേഖകളുമാണ് പരിശോധിക്കുന്നത്. ഇവര്‍ നിര്‍മിച്ച സിനിമകളുടെ ഒടിടി വിതരണാവകാശവുമായി ബന്ധപ്പെട്ട കണക്കുകളും അന്വേഷിക്കുന്നുണ്ട്.