കൊട്ടിയൂര്‍ പീഡന കേസ് പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് ശിക്ഷയില്‍ ഇളവ്
കൊട്ടിയൂര്‍ പീഡന കേസില്‍ പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ ശിക്ഷയില്‍ ഇളവ്. 20 വര്‍ഷം തടവ് 10 വര്‍ഷമായി ഹൈ കോടതി കുറച്ചു. എന്നാല്‍ പോക്‌സോ വകുപ്പും ബലാത്സംഗം കുറ്റവും നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. കേസില്‍ റോബിന്‍ വടക്കുംചേരിക്ക് ഇരുപത് വര്‍ഷം കഠിനതടവും, മൂന്ന് ലക്ഷം രൂപ പിഴയുമാണ് തലശേരിയിലെ വിചാരണക്കോടതി വിധിച്ചത്. ഇത് പത്ത് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ആയാണ് ഹൈക്കോടതി കുറച്ചിരിക്കുന്നത്. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു.
ഇരയുടെ കുടുംബമടക്കം മൊഴിമാറ്റിയ കേസില്‍ ഡി എന്‍ എ ടെസ്റ്റ് ഉള്‍പ്പെടെ നടത്തിയാണ് കുറ്റകൃത്യം തെളിയിച്ചത്. ഇതിനിടെ, ഗര്‍ഭിണിയായതിന്റെ ഉത്തരവാദിത്തം പെണ്‍കുട്ടിയുടെ അച്ഛനില്‍ ചുമത്തി കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടന്നിരുന്നു. റോബിനെ വൈദിക വൃത്തിയില്‍ നിന്ന് സഭ പുറത്താക്കിയിരുന്നു.പിതാവാണ് ഉത്തരവാദി എന്ന് പൊലീസിലും ചൈല്‍ഡ് ലൈനിലും പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും മൊഴി നല്‍കിയിരുന്നു. ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലിനൊടുവിലാണ് പെണ്‍കുട്ടി ഫാദര്‍ റോബിന്റെ പേര് പറഞ്ഞത്. സംഭവം വിവാദമായതോടെ പ്രതിയായ ഫാ. റോബിന്‍ വടക്കുഞ്ചേരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിലാകുമ്പോള്‍ കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയായിരുന്നു ഫാ. റോബിന്‍ വടക്കുംചേരി. ഇതിനിടെ ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യവുമായി റോബിന്‍ വടക്കുംചേരി സുപ്രീംകോടതിയേയും സമീപിച്ചിരുന്നു. പെണ്‍കുട്ടിയെ വിവാഹം ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് റോബിന്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജികളില്‍ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. റോബിന്‍ വടക്കുംചേരിക്കും പെണ്‍കുട്ടിക്കും വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.