മോഡലുകളുടെ മരണം ; പിടിയിലായ സൈജു തങ്കച്ചനെതിരെ ഒമ്പത് കേസുകള്‍
കൊച്ചിയില്‍ വാഹനാപകടത്തില്‍ മോഡലുകള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനെതിരെ ഒമ്പത് കേസുകള്‍. ലഹരിമരുന്ന് ഉപയോഗിച്ചതിനാണ് കേസെടുക്കുക. വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. തൃക്കാക്കര, ഇന്‍ഫോ പാര്‍ക്, മരട്, പനങ്ങാട്, ഫോര്‍ട്ടുകൊച്ചി, ഇടുക്കി വെള്ളത്തൂവല്‍ സ്റ്റേഷനുകളിലാകും കേസെടുക്കുക. സൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് ലഹരി പാര്‍ട്ടികളെപ്പറ്റി വിവരം കിട്ടിയത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് കിട്ടിയ ചിത്രങ്ങളും വീഡിയോകളും അടിസ്ഥാനമാക്കിയാണ് കേസെടുക്കുന്നത്. കാട്ടുപോത്തിനെ വേട്ടയാടിയെന്ന കേസില്‍ വനം വകുപ്പും സൈജുവിനെതിരെ കേസെടുത്തേക്കും.
സൈജുവിന്റെ ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്തവര്‍ക്കെതിരെയും കര്‍ശന നടപടി ഉണ്ടാകും. സൈജുവിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്ന നിരവധി വീഡിയോകള്‍ കണ്ടെടുത്തിരുന്നു. ഇവ ലഹരിപ്പാര്‍ട്ടികായിരുന്നെന്നാണ് സൈജു പൊലീസിന് മൊഴി നല്‍കിയത്. ഈ വീഡിയോകളിലുള്ളവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടും. സൈജു തങ്കച്ചന്റെ കൂട്ടാളികളെ ചോദ്യം ചെയ്യും. സൈജു ചാറ്റുചെയ്ത ആളുകളോട് അന്വേഷണ സംഘത്തിന്റെ മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ മയക്കുമരുന്നു ഉപയോഗിക്കുന്നതായി കണ്ട മുഴുവന്‍ ആളുകളും പൊലീസ് നിരീക്ഷണത്തിലാണ്. സൈജുവിന്‌റെ വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുടെ സൈബര്‍ സെല്‍ പരിശോധനയും നടത്തും. കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പിടിയിലാകും എന്നും പോലീസ് പറയുന്നു.
മയക്കുമരുന്ന് വില്‍പനക്കാരുമായി സൈജുവിന് അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചാറ്റുകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. മൂന്നാറിലും കൊച്ചിയിലും മാരാരിക്കുളത്തുമുളള പാര്‍ട്ടികളില്‍ എം.ഡി.എം.എ നല്‍കിയെന്ന സൈജുവിന്റെ വാട്സാപ്പ് സന്ദേശങ്ങളുള്‍പ്പടെ പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. നിരവധി ഇടങ്ങളില്‍ ഡി.ജെ പാര്‍ട്ടികളില്‍ പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങളും പൊലിസ് കണ്ടെത്തി. നമ്പര്‍ 18 ഹോട്ടലിലെത്തിയ മോഡലുകളോട് അവിടെ താമസിക്കാന്‍ സൈജു ആവശ്യപ്പെട്ടു. പിന്നീട് അവരെ ദുരുദ്ദേശത്തോടെ പിന്തുടര്‍ന്നതാണ് കാര്‍ അമിത വേഗത്തില്‍ പോകാനും അപകടമുണ്ടാകാനും കാരണമെന്നും പൊലിസ് കണ്ടെത്തിയിരുന്നു. കൊച്ചിയിലെ പ്രധാന മയക്കുമരുന്ന് ഇടപാടുകള്‍ കണ്ടെത്തിയാല്‍ കേസിന് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലിസ്.