പെരിയ ഇരട്ടക്കൊല ; അഞ്ച് സിപിഐഎം നേതാക്കളെ സി ബി ഐ അറസ്റ്റ് ചെയ്തു

വിവാദമായ പെരിയ ഇരട്ടക്കൊല കേസില്‍ അഞ്ച് സിപിഐഎം പ്രദേശിക നേതാക്കളെ സി ബി ഐ അറസ്റ്റ് ചെയ്തു . ഇവരെ നാളെ കൊച്ചിയിലെ സിബിഐ കോടതിയില്‍ ഹാജരാക്കും.സിപിഐഎം ബ്രാഞ്ച് സെക്രട്ടറി രാജു, സുരേന്ദ്രന്‍, ശാസ്ത മധു, റെജി വര്‍ഗീസ്, വിഷ്ണു സുര എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ രാജു ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയാണ്. അറസ്റ്റിലായ മറ്റുള്ളവരും ഏച്ചിലടുക്കം ഭാഗത്തു നിന്നുള്ളവരാണ്. കാസര്‍കോട് ഗസ്റ്റ് ഹൗസിലെ സിബിഐ ക്യാമ്പ് ഓഫിസില്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. പ്രതികളെ നാളെ എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കും.

പ്രതികള്‍ക്ക് ആയുധങ്ങള്‍ എത്തിച്ചു നല്‍കിയത് റജി വര്‍ഗ്ഗീസാണ്. സുരേന്ദ്രന്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും നീക്കങ്ങള്‍ സംബന്ധിച്ച് വിവരം കൈമാറി. ബ്രാഞ്ച് സെക്രട്ടറി രാജുവിനും കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കെന്ന് കണ്ടെത്തല്‍.സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് നടപടി. കേസ് സിബിഐ ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ അറസ്റ്റാണിത്. പ്രതികളെ നിലവില്‍ കാസര്‍ഗോഡ് സിബിഐ കാസര്‍ഗോഡ് ക്യാംപ് ഓഫിസില്‍ ചോദ്യം ചെയ്യുകയാണ്. കേസില്‍ 14 പ്രതികളുണ്ടെന്നായിരുന്നു നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

2019 ഫെബ്രുവരി 17നാണ് കാസര്‍കോട് പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസില്‍ സിപിഐഎം ഏരിയ സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയും ഉള്‍പ്പെടെ 14 പേരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതിയാണ് കേസ് സിബിഐക്ക് വിട്ടത്. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസ് ഡയറി പരിശോധിക്കാതെ ഹര്‍ജിക്കാരുടെ വാദങ്ങള്‍ മാത്രം പരിഗണിച്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നായിരുന്നു സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.

തുടര്‍ന്ന് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം തടസ്സഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഹൈക്കോടതി നിര്‍ദേശിച്ചിട്ടും കേസ് ഡയറി സിബിഐക്ക് കൈമാറാത്ത ക്രൈംബ്രാഞ്ച് നടപടിക്കെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ കോടതിയലക്ഷ്യ ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു. സര്‍ക്കാര്‍ വാദം മാത്രം കേട്ട് സിബിഐ അന്വേഷണം സ്റ്റേ ചെയ്യരുതെന്നും തങ്ങള്‍ക്ക് പറയാനുള്ളതു കൂടി കേള്‍ക്കണമെന്നുമാണ് സുപ്രീം കോടതിയില്‍ കുടുംബം ആവശ്യപ്പെട്ടിരുന്നത്.