അണക്കെട്ട് ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഡാം സുരക്ഷാ ബില്‍ രാജ്യസഭ പാസ്സാക്കി

രാജ്യത്തെ അണക്കെട്ട് ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുളള ഡാം സുരക്ഷാ ബില്‍ രാജ്യസഭ പാസ്സാക്കി. അണക്കെട്ടുകളുടെ സുരക്ഷയ്ക്കും പരിപാലനത്തിനും പ്രത്യേക സമിതി രൂപവത്കരിക്കണമെന്ന് നിര്‍ദേശിക്കുന്ന ബില്‍ ശബ്ദ വോട്ടോടെയാണ് പാസ്സാക്കിയത്. ദേശീയ, സംസ്ഥാന തലത്തില്‍ അതോറിറ്റിയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. രാജ്യത്തുടനീളമുള്ള എല്ലാ അണക്കെട്ടുകള്‍ക്കും ഏകീകൃത സുരക്ഷാ നടപടിക്രമങ്ങള്‍ വികസിപ്പിക്കാന്‍ ബില്‍ ലക്ഷ്യമിടുന്നു. മൂന്ന് വട്ടം ലോക്സഭയില്‍ എത്തിയ ശേഷമാണ് ബില്‍ രാജ്യസഭയിലേക്ക് എത്തുന്നത്.

2010 ആഗസ്തില്‍ യുപിഎ സര്‍ക്കാരാണ് ബില്‍ ആദ്യമായി പാര്‍ലമെന്റിലെത്തിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിയന്ത്രണ വിഷയത്തില്‍ അടക്കം നിര്‍ണായകമായേക്കാവുന്ന ബില്ലാണിത്. കേരളം, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്ര നീക്കത്തിനെതിരേ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ജോണ്‍ ബ്രിട്ടാസ് എംപി അവതരിപ്പിച്ച ഭേദഗതി തള്ളി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ഡാമിന് അപകടം സംഭവിച്ചാല്‍ വലിയ ദുരന്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളുടെ ശക്തമായ എതിര്‍പ്പ് തള്ളിയാണ് ബില്ല് പാര്‍ലമെന്റ് പാസാക്കിയത്. രാജ്യത്തെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് തീരുമാനമെന്ന് കേന്ദ്ര മന്ത്രി ജല്‍ശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് പറഞ്ഞു. ബില്ല് നേരത്തെ ലോക്‌സഭ പാസാക്കിയിരുന്നു. അതേസമയം ബിജെഡി, അണ്ണാ ഡിഎംകെ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ത്തു. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമന്ന പ്രതിപക്ഷ പ്രമേയവും തള്ളി. പതിനഞ്ച് മീറ്ററില്‍ കൂടുതല്‍ ഉയരമുള്ളതും, 500 മീറ്ററിലധികം നീളമുള്ള പത്തിനും പതിനഞ്ചിനും ഇടയില്‍ ഉയരമുള്ള അണക്കെട്ടുകളാണ് നിയമത്തിന്റെ പരിധിയില്‍ വരിക. ഇത് പ്രകാരം കേരളത്തിലെ അമ്പതിലധികം അണക്കെട്ടുകള്‍ ഉള്‍പ്പടെ രാജ്യത്തെ അയ്യായിരത്തിലധികം അണക്കെട്ടുകള്‍ ഇനി കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലാകും. മുല്ലപ്പെരിയാര്‍ തല്‍ക്കാലം സുപ്രിംകോടതി മേല്‍നോട്ടത്തില്‍ തുടരുമെങ്കിലും ഭാവിയില്‍ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിലേക്ക് തന്നെ വരാനാണ് സാധ്യത.