ജലന്ധറിലെ കോണ്‍വെന്റില്‍ മലയാളി കന്യാസ്ത്രീ ആത്മഹത്യ ചെയ്തു

പഞ്ചാബിലെ ജലന്ധര്‍ രൂപത പരിധിയിലെ കോണ്‍വെന്റില്‍ മലയാളി കന്യാസ്ത്രീ ആത്മഹത്യ ചെയ്തു. ചേര്‍ത്തല സ്വദേശിനിയായ കന്യാസ്ത്രീയാണ് ആത്മഹത്യ ചെയ്തത്. അര്‍ത്തുങ്കല്‍ കാക്കിരിയില്‍ ജോണ്‍ ഔസേഫിന്റെ മകള്‍ മേരിമേഴ്‌സി (31)യെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നവംബര്‍ 30ന് ആത്മഹത്യ ചെയ്തതായാണ് സഭാ അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. ജലന്ധര്‍ രൂപതയില്‍പെട്ട സാദിഖ് ഔവര്‍ലേഡി ഓഫ് അസംപ്ഷന്‍ കോണ്‍വെന്റിലായിരുന്നു മേരിമേഴ്‌സി. നാലുവര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

എന്നാല്‍ മകള്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും നടപടികളില്‍ സംശയമുണ്ടെന്നും കാട്ടി പിതാവ് ജോണ്‍ ഔസേഫ് കളക്ടര്‍ക്ക് പരാതി നല്‍കി. 29നു രാത്രിയും മകള്‍ ഉല്ലാസവതിയായി വീട്ടിലേക്ക് വിളിച്ചിരുന്നെന്നും ഡിസംബര്‍ രണ്ടിലെ ജന്മദിനത്തെ കുറിച്ചടക്കം ആഹ്‌ളാദത്തോടെ സംസാരിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. കന്യാസ്ത്രീ മരിക്കാനിടയായ സാഹചര്യങ്ങളെ കുറിച്ച് കോണ്‍വെന്റില്‍ നിന്നും വിവരങ്ങള്‍ പറഞ്ഞിട്ടില്ലെന്നും മരണത്തിലും അവിടെ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലും സംശയമുണ്ടെന്നും പരാതിയില്‍ പറയുന്നു. വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നും നീതി ലഭിക്കണമെന്നും പരാതിയില്‍ പറയുന്നു. ഇന്ന് മൃതദേഹം നാട്ടിലെത്തിക്കും. കര്‍മിലി ആണ് ‘അമ്മ . സഹോദരന്‍: മാര്‍ട്ടിന്‍.