ഇന്ത്യയില്‍ ഓമിക്രോണ്‍ സ്ഥിരീകരിച്ചു ; കര്‍ണാടകയില്‍ രണ്ടുപേര്‍ക്ക് വൈറസ് ബാധ

ഒടുവില്‍ ഇന്ത്യയിലും ഓമിക്രോണ്‍ സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് കര്‍ണാടകയിലെത്തിയ രണ്ട് പേരിലാണ് കൊറോണ വൈറസിന്റെ അപകടകാരിയായ വകഭേദം സ്ഥിരീകരിച്ചത്. ബംഗളുരു വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 66, 46 വയസുള്ള രണ്ട് പുരുഷന്മാര്‍ക്കാണ് രോഗബാധ. ഇവരെ ഐസലേഷനിലേക്ക് മാറ്റി. സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

അതേസമയം നിലവില്‍ രാജ്യത്ത് രോഗവ്യാപന ഭീഷണിയില്ലെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പത്രകുറിപ്പില്‍ അറിയിച്ചു. അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്ന് 37 വിമാനങ്ങളിലായി 7976 യാത്രക്കാര്‍ രാജ്യത്ത് എത്തിയിട്ടുണ്ട്. ഇതില്‍ 10 യാത്രക്കാര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. ഒമിക്രോണ്‍ സാധ്യത പരിശോധിക്കുന്നതിനുള്ള ജനിതക ശ്രേണീകരണത്തിന് ഇവരുടെ സാംപിള്‍ അയച്ചിരുന്നു. ഇതില്‍നിന്നാണ് ഇപ്പോള്‍ രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്നാണ് സൂചന.

ഒമൈക്രോണ്‍ കോവിഡ് വേരിയന്റ് ലോകമെമ്പാടും ലോക്ക്ഡൗണുകളും യാത്രാനിരോധനങ്ങളും ആരംഭിക്കാന്‍ ഇടയാക്കുമെങ്കിലും ഈ വകഭേദത്തെക്കുറിച്ച് പുറത്തു വരുന്ന വാര്‍ത്തകളെല്ലാം അത്ര ഭീതിപ്പെടുത്തുന്നവയല്ല. ലോകാരോഗ്യ സംഘടന ദക്ഷിണാഫ്രിക്കയില്‍ നിന്ന് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഈ വൈറസ് നേരിയ ലക്ഷണങ്ങള്‍ മാത്രമേ കാണിക്കുന്നുള്ളൂവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇവ ഡെല്‍റ്റ വകഭേദത്തിന്റെ അത്ര ഗുരുതരമല്ലെന്നാണ് വിവരം. അതുകൊണ്ട് തന്നെ ലോകമെമ്പാടും മരണസാധ്യത കുറയുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഈ മാസം 20 നാണ് ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ 66കാരന്‍ ബംഗ്ലൂരുവിലെത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ദക്ഷിണാഫ്രിക്കന്‍ സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ഡെല്‍റ്റാ വൈറസ് അല്ല ബാധിച്ചതെന്ന് വ്യക്തമായിരുന്നു. ഇതുവരെ ഇന്ത്യയില്‍ കാണാത്ത തരം കൊവിഡ് വൈറസാണ് ഇയാളില്‍ കണ്ടെതെന്നും പരിശോധന ഫലം എന്തെന്ന് ദില്ലിയില്‍ നിന്ന് പ്രഖ്യാപിക്കുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി സുധാകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വൈറസ് ബാധ നേരത്തെ തന്നെ സംശയിച്ചിരുന്നതിനാല്‍ വിദേശത്ത് നിന്ന് കര്‍ണാടകയില്‍ എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും ക്വാറന്റീനും നിര്‍ബന്ധമാക്കിയിരുന്നു.