അമിത വൃത്തി ; ഭര്‍ത്താവിന്റെ ലാപ്ടോപും ഫോണും സോപ്പുപൊടിയില്‍ കഴുകി ഭാര്യ ; വിവാഹമോചനം തേടി യുവാവ്

ഭാര്യയുടെ അമിത വൃത്തി കാരണം വിവാഹമോചനം ആവശ്യപ്പെട്ട് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആയ ഭര്‍ത്താവ്. ഭാര്യക്ക് ഒബ്സെസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍(ഒസിഡി-ODC)) രോഗമാണെന്നും കൊവിഡ് കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സമയം തന്റെ ലാപ്ടോപ്പും മൊബൈല്‍ ഫോണും പോലും സോപ്പുപൊടി ഉപയോഗിച്ച് കഴുകിയെന്നും യുവാവ് ആരോപിച്ചു. തന്റെ അമ്മ മരിച്ചതിന് ശേഷം വൃത്തിയാക്കാനാണെന്ന പേരില്‍ തന്നെയും മക്കളെയും ഒരുമാസം വീട്ടില്‍ നിന്ന് പുറത്താക്കിയതായും യുവാവ് ആരോപിച്ചു. ഭാര്യയുടെ അമിത വൃത്തി കാരണം ജീവിതം ദുസ്സഹമാണെന്ന് ചൂണ്ടിക്കാട്ടി യുവാവ് പൊലീസിനെ സമീപിച്ചു. മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ഭര്‍ത്താവ് വിവാഹമോചനക്കേസ് ഫയല്‍ ചെയ്തു.

പ്രമുഖ ഐടി കമ്പനിയിലാണ് യുവാവ് ജോലി ചെയ്യുന്നത്. കല്യാണത്തിന് ശേഷം എംബിഎ ബിരുദധാരിയായ ഭാര്യ ജോലിക്ക് പോയില്ല. രണ്ടുവര്‍ഷം കഴിഞ്ഞ് ആദ്യ കുഞ്ഞ് ജനിച്ചപ്പോള്‍ മുതലാണ് ഭാര്യയുടെ സ്വഭാവത്തില്‍ മാറ്റം വന്നത്. കൊവിഡ് മഹാമാരി പടരാന്‍ തുടങ്ങിയതോടെയാണ് കുടുംബബന്ധം കൂടുതല്‍ വഷളായതെന്ന് ഭര്‍ത്താവ് പറയുന്നു. ഈ സമയം ഭാര്യക്ക് രോഗം മൂര്‍ച്ഛിച്ചു. വീട്ടിലെ എല്ലാ സാമഗ്രികളും കഴുകി വൃത്തിയാക്കാനും സാനിറ്റൈസ് ചെയ്യാനും തുടങ്ങി. ഒരു ദിവസം ഭാര്യ ആറുതവണ കുളിക്കും. കുളിക്കുന്ന സോപ്പ് വൃത്തിയാക്കാന്‍ മാത്രമായി മറ്റൊരു സോപ്പ് സൂക്ഷിച്ചു. കുട്ടികളോട് അവരുടെ വസ്ത്രങ്ങളും ബാഗും ചെരിപ്പുകളും കഴുതി വൃത്തിയാക്കാന്‍ പറഞ്ഞുതുടങ്ങിയതോടെ,യാണ് വിവാഹമോചനം തേടിയതെന്നും യുവാവ് പറയുന്നു. തന്റെ സ്വഭാവത്തില്‍ ഒരു കുഴപ്പവുമില്ലെന്നാണ് ഭാര്യ പറയുന്നത്. വിവാഹ മോചനത്തിനായി യുവാവ് കള്ളം പറയുകയാണെന്ന് 35കാരിയായ യുവതി ആരോപിച്ചു. ബെംഗളൂരു ആര്‍ടി നഗറിലാണ് ഇവര്‍ താമസിക്കുന്നത്. 2009ലാണ് വിവാഹിതരായത്. വിവാഹിതരായതിന് ശേഷം ലണ്ടനിലായിരുന്നു ഇവരുടെ താമസം.