പെരിയ ഇരട്ടക്കൊലപാതക കേസ് ; മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനും പ്രതിസ്ഥാനത്ത്

പെരിയ ഇരട്ട കൊലപാതക കേസില്‍ ഉദുമ മുന്‍ എംഎല്‍എ ) കെ വി കുഞ്ഞിരാമനെ സിബിഐ (CBI) പ്രതിചേര്‍ത്തു. സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് കുഞ്ഞിരാമന്‍. പ്രതികള്‍ക്ക് കുഞ്ഞിരാമന്‍ സഹായം നല്‍കിയതായി സിബിഐ വ്യക്തമാക്കി. കേസില്‍ കുഞ്ഞിരാമനെ സിബിഐ നേരത്തേ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് സിബിഐയുടെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചു വരുത്തി കുഞ്ഞിരാമനെ ചോദ്യം ചെയ്തത്. പെരിയ ഇരട്ട കൊലക്കേസിലെ പ്രതികള്‍ സഞ്ചരിച്ച കാര്‍ ബേക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തി പ്രതികളെ മോചിപ്പിക്കുകയും വാഹനം തട്ടിയെടുക്കുകയും ചെയ്തതായി ആരോപണമുയര്‍ന്നിരുന്നു.

2019 ഫെബ്രുവരി 18ന് രാത്രി സജി ജോര്‍ജ് അടക്കുള്ള വരെ മോചിപ്പിച്ചെന്നായിരുന്നു ആരോപണം. നേരത്തെ കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് സംഘവും കുഞ്ഞിരാമനെ ചോദ്യം ചെയ്തിരുന്നു. അതേസമയം, കേസുമായി ബന്ധുപ്പെട്ട് സി.ബി.ഐ ബുധനാഴ്ച അറസ്റ്റ് ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷ് (രാജു), സിപിഎം പ്രവര്‍ത്തകരായ സുരേന്ദ്രന്‍ (വിഷ്ണു സുര), ശാസ്താ മധു, ഹരിപ്രസാദ്, റെജി വര്‍ഗീസ് എന്നിവരെ റിമാന്‍ഡ് ചെയ്തു. 5 പേരും ഗൂഢാലോചനയില്‍ നേരിട്ടു ബന്ധമുള്ളവരാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. പ്രതികള്‍ക്ക് ആയുധങ്ങള്‍ എത്തിച്ചു നല്‍കിയത് റജി വര്‍ഗ്ഗീസാണ്. സുരേന്ദ്രന്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും നീക്കങ്ങള്‍ സംബന്ധിച്ച് വിവരം കൈമാറി. ബ്രാഞ്ച് സെക്രട്ടറി രാജുവിനും കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കെന്ന് കണ്ടെത്തല്‍. കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത 14 പേര്‍ അടക്കം ആകെ 19പേര്‍ പ്രതികളായി. ഉദുമ മുന്‍ ഏരിയ സെക്രട്ടറി കെ.മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍ എന്നിവര്‍ ജാമ്യത്തിലാണ്.

2019 ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍, കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പൊലീസിന്റെ അന്വേഷണത്തില്‍ വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം റദ്ദാക്കിയത്. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസ് ഡയറി പരിശോധിക്കാതെ ഹര്‍ജിക്കാരുടെ വാദങ്ങള്‍ മാത്രം പരിഗണിച്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നായിരുന്നു സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.