സന്ദീപ് വധക്കേസ് , മുഴുവന്‍ പ്രതികളും അറസ്റ്റിലായി

സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ മുഴുവന്‍ പ്രതികളും പിടിയില്‍. എടത്വായില്‍ നിന്നാണ് അഞ്ചാം പ്രതി അഭിയെ പിടികൂടിയത്. മറ്റ് നാല് പ്രതികളെയും ഇന്നലെ രാത്രി ആലപ്പുഴ കരുവാറ്റയില്‍ നിന്ന് പിടികൂടിയിരുന്നു. സന്ദീപിനെ കുത്തികൊന്നതിന് പിന്നാലെ പ്രതികള്‍ ഒളിവില്‍പ്പോവുകയായിരുന്നു. പ്രതികളെ സംബന്ധിച്ച് സൂചന ലഭിച്ച പൊലീസ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മൂന്ന് പേരെ പിടികൂടി. മുഖ്യപ്രതി ജിഷ്ണു രഘു, നന്ദു , പ്രമോദ് എന്നിവര്‍ കരുവാറ്റയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു. കണ്ണൂര്‍ സ്വദേശിയായ മറ്റൊരു പ്രതി മുഹമ്മദ് ഫൈസലിനെ കുറ്റൂരിലെ വാടക മുറിയില്‍ നിന്നുമാണ് പിടികൂടിയത്. യുവമോര്‍ച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റാണ് മുഖ്യപ്രതി ജിഷ്ണു രഘു.

കൊലപാതകം വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒന്നാം പ്രതി ജിഷ്ണുവിന് സന്ദീപിനോട് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നെന്നും ഇത് തീര്‍ക്കാന്‍ വേണ്ടിയാണ് സുഹൃത്തുക്കളെ കൂട്ടി ആസൂത്രണം ചെയ്ത് കൊലപാതകം നടപ്പിലാക്കിയതെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജിഷ്ണു ജയിലില്‍ വെച്ചാണ് മറ്റ് പ്രതികളെ പരിചപ്പെടുന്നത്. വിവിധ സ്ഥലങ്ങളിലുള്ളവര്‍ക്കായി തിരുവല്ല കുറ്റൂരില്‍ മുറി വാടകയ്ക്ക് എടുത്ത് നല്‍കിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

എന്നാല്‍ പൊലീസ് വാദം തള്ളി ആര്‍എസ്എസ് ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നാണ് സിപിഎം ആരോപണം. മറ്റ് സംഘര്‍ഷ സാഹചര്യങ്ങള്‍ ഒന്നും നിലനില്‍ക്കാത്ത പ്രദേശത്ത് ആര്‍എസ്എസ് ബിജെപി മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുക്കയാണെന്നാണ് ആരോപണം. സന്ദീപിന്റെ നേതൃത്വത്തില്‍ നിരവധി ബിജെപി പ്രവര്‍ത്തകരെ സിപിഎമ്മിലേക്ക് എത്തിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് സിപിഎം പറയുന്നത്.

എന്നാല്‍ പൊലീസിന്റെ പിടിയിലായ പ്രതികളില്‍ രണ്ട് പേര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. സംഘപരിവാറിന് കൊലപാതകവുമായി ബന്ധമില്ലെന്നും ബിജെപി ആവര്‍ത്തിച്ചു. തിരുവല്ലയിലെ ചാത്തങ്കരിയില്‍ വെച്ചാണ് സിപിഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ ബൈക്കിലെത്തിയ മൂന്നുപേര്‍ കുത്തിക്കൊന്നത്. വയലിന് സമീപത്ത് ഒരു കലുങ്കില്‍ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകള്‍ ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. സന്ദീപിന്റെ നെഞ്ചില്‍ ഒമ്പത് കുത്തേറ്റു. ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ആഴത്തിലുള്ള മുറിവേറ്റ സന്ദീപ് സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സന്ദീപിന്റെ നെഞ്ചിന്റെ വലത് ഭാഗത്തായി ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.