ഐ എ എസു(IAS)കാരെക്കാള്‍ കെ എ എസു(KAS)കാര്‍ക്ക് ശമ്പളം ; എതിര്‍പ്പ് രൂക്ഷം

ഐ എ എസു(IAS)കാരെക്കാള്‍ കെ എ എസു(KAS)കാര്‍ക്ക് ശമ്പളം നല്‍കുവാനുള്ള തീരുമാനത്തിന് എതിരെ എതിര്‍പ്പുമായി ഐ എ എസുകാര്‍. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ (KAS) ഉദ്യോഗസ്ഥര്‍ക്ക് 81,800 രൂപ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചതിനെതിരെയാണ് അഖിലേന്ത്യ സര്‍വീസ് (IAS) ഉദ്യോഗസ്ഥര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഐഎഎസ് ഓഫിസേഴ്‌സ് അസോസിയേഷനും ഐപിഎസ്, ഐഎഫ്എസ് അസോസിയേഷനുകളുടെ കേരള ഘടകവും മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറങ്ങും മുന്‍പുതന്നെ സര്‍ക്കാര്‍ ഇടപെട്ടു തീരുമാനം പിന്‍വലിക്കണമെന്ന് ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ബി അശോകും സെക്രട്ടറി എം ജി രാജമാണിക്യവും ചേര്‍ന്നു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തതിനെക്കാള്‍ അധികമാണ് 81,800 എന്ന ശമ്പള സ്‌കെയില്‍. മാത്രമല്ല, കെഎഎസ് ഓഫീസര്‍മാര്‍ ഭാവിയില്‍ ജില്ലകളിലും സംസ്ഥാനതലത്തിലും നിയമിതരാകുമ്പോള്‍ മേലുദ്യോഗസ്ഥരായ ഐഎഎസുകാരെക്കാള്‍ ഉയര്‍ന്ന ശമ്പളം കൈപ്പറ്റുന്ന സ്ഥിതിയും വരും. ഈ അപാകത അധികാരശ്രേണിയിലും റിപ്പോര്‍ട്ടിങ്ങിലും വൈഷമ്യം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ കെഎഎസുകാരുടെ ശമ്പളവും അഖിലേന്ത്യ സര്‍വീസ് ഉദ്യോഗസ്ഥരുടെ ശമ്പളവും തമ്മില്‍ താരതമ്യ പരിശോധനയ്ക്കു സര്‍ക്കാര്‍ തയാറാകണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ഐപിഎസ് ഉദ്യോഗസ്ഥരെക്കാള്‍ ഉയര്‍ന്ന ശമ്പളം കെഎഎസുകാര്‍ വാങ്ങുന്നത് ജില്ലാതല ഭരണക്രമത്തില്‍ വിഷമതകള്‍ സൃഷ്ടിക്കുമെന്നാണ് ഐപിഎസ് അസോസിയേഷന്‍ സെക്രട്ടറി ഹര്‍ഷിത അട്ടല്ലൂരി കത്തില്‍ ചൂണ്ടിക്കാട്ടിയത്. ഇതേ കാരണം തന്നെയാണ് ഐഎഫ്എസ് അസോസിയേഷന്‍ നല്‍കിയ കത്തിലുമുള്ളത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് (ജൂനിയര്‍ ടൈംസ് സ്‌കെയില്‍) ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളം 81,800 രൂപയായി (ഫിക്‌സഡ്) നിശ്ചയിച്ചുകൊണ്ടായിരുന്നു മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. അനുവദനീയമായ ഡിഎ, എച്ച്ആര്‍എ എന്നിവയും 10% ഗ്രേഡ് പേയും അനുവദിക്കും. ട്രെയിനിംഗ് കാലയളവില്‍ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ച 81,800 രൂപ കണ്‍സോളിഡേറ്റഡ് തുകയായി അനുവദിക്കുമെന്നുമായിരുന്നു തീരുമാനം.