സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തി കോടിയേരി

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ മടങ്ങിവരുന്നു. ഒരു വര്‍ഷത്തിനു ശേഷമാണ് മടങ്ങിവരവ്. തിരിച്ചുവരവിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കി. കഴിഞ്ഞ വര്‍ഷം നവംബര്‍ 22നാണ് കോടിയേരി അവധിയില്‍ പ്രവേശിച്ചത്. ആരോഗ്യകാരണങ്ങളും മകന്‍ ബിനീഷ് കോടിയേരിയേരിയുടെ അറസ്റ്റുമായിരുന്നു കാരണങ്ങള്‍. മാറിനില്‍ക്കാനുള്ള സന്നദ്ധത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അറിയിച്ച കോടിയേരി, അവധി അപേക്ഷ നല്‍കുകയായിരുന്നു. പാര്‍ട്ടി അംഗീകരിച്ചു. അര്‍ബുദത്തിനു തുടര്‍ചികില്‍സ ആവശ്യമായതിനാല്‍ അനുവദിക്കുകയായിരുന്നെന്നു പാര്‍ട്ടി വിശദീകരിച്ചു.

തുടര്‍ന്ന് എ വിജയരാഘവന് താത്കാലിക ചുമതല നല്‍കി. ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുന്നത്. പാര്‍ട്ടിസമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ സ്ഥിരം സെക്രട്ടറി എന്ന നിലയില്‍ കോടിയേരി ചുമതല ഏറ്റെടുക്കണമെന്ന് പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ബെംഗളുരു മയക്കുമരുന്ന് കേസില്‍ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെയായിരുന്നു കോടിയേരി സെക്രട്ടറി സ്ഥാനത്തു നിന്ന് പിന്‍മാറിയത്. ബിനീഷ് കോടിയേരിക്ക് കേസില്‍ ജാമ്യം ലഭിച്ചതും ആരോഗ്യം വീണ്ടെടുത്തതുമാണ് മടങ്ങിവരവിന് അനുകലൂമായി.
മടങ്ങിവരവ് സ്വാഭാവിക നടപടിയെന്നാണ് സിപിഎം നേതാക്കളുടെ പ്രതികരണം. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ കാണുന്നുണ്ട്.