ഒമിക്രോണ്‍ ജാഗ്രത , കോഴിക്കോട് യുകെയില്‍ നിന്ന് വന്നയാള്‍ നിരീക്ഷണത്തില്‍

ഒമിക്രോണ്‍ കേരളത്തിലുമെത്തിയോ എന്ന് പരിശോധന. യുകെ യില്‍ നിന്ന് കോഴിക്കോട്ടെത്തിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സ്രവ സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ജീനോമിക് സീക്വന്‍സിംഗ് പരിശോധന നടത്തി ഒമിക്രോണ്‍ വകഭേദമാണോ രോഗകാരണമെന്നാണ് പരിശോധിക്കുന്നത്. ഇദ്ദേഹത്തിന് പ്രൈമറി, സെക്കന്ററി കോണ്ടാക്ടുകളിലായി നാല് ജില്ലകളിലുള്ളവര്‍ ഉണ്ടെന്നാണ് കോഴിക്കോട് ഡിഎംഒ ഒമര്‍ ഫാറൂഖ് വ്യക്തമാക്കുന്നത്. 21-ന് നാട്ടിലെത്തിയ ശേഷം ഇദ്ദേഹം നാല് ജില്ലകളില്‍ യാത്ര ചെയ്തിട്ടുണ്ട്. ഈ യാത്രാപഥവും വിവരങ്ങളും ശേഖരിച്ച് വരികയാണ്.

എന്നാല്‍, ഇദ്ദേഹത്തിന്റെ പ്രൈമറി കോണ്ടാക്ട് ലിസ്റ്റില്‍ രണ്ട് പേരാണുള്ളത്. ഇദ്ദേഹത്തിന്റെ അമ്മ അടക്കമുള്ളവരാണ് പ്രൈമറി കോണ്ടാക്ട് ലിസ്റ്റില്‍. ഇവരെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. 21-ാം തീയതി യുകെയില്‍ നിന്ന് എത്തിയ ഇദ്ദേഹത്തിന് 26-ാം തീയതിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ അമ്മയും പോസിറ്റീവാണ്. രോഗി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയുടെയും വീട്ടിലെ ജോലിക്കാരുടെയും സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. സമ്പര്‍ക്ക പട്ടിക തയ്യാറാക്കി മറ്റ് ജില്ലകളിലേക്ക് അയച്ചിട്ടുണ്ടെന്നും കോഴിക്കോട് ഡിഎംഒ ഉമര്‍ ഫറൂഖ് മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ, കേന്ദ്രമാര്‍ഗനിര്‍ദേശം നിലവില്‍ വരുന്നതിന് മുന്‍പ് എത്തിയ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവരെ കണ്ടെത്തല്‍ കേരളത്തിന് അതീവ നിര്‍ണായകമാണ്. നവംബര്‍ 22-ന് സാംപിളെടുത്തവരിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത് എന്നതിനാല്‍, മാര്‍ഗനിര്‍ദേശത്തിന് മുന്‍പേ തന്നെ എയര്‍പോര്‍ട്ടുകളിലൂടെ വ്യാപനമുണ്ടാകാന്‍ സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ സ്ഥിരീകരിച്ച 2 കേസുകളില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബായ് വഴിയെത്തിയയാളുടെ ജനിത ശ്രേണീകരണത്തിനായുള്ള സാംപിളെടുത്തത് 22-ാം തീയതിയാണ്. അതായത് പരിശോധിക്കാനുള്ള കേന്ദ്ര മാര്‍ഗനിര്‍ദേശം നടപ്പാവുന്നതിനും 10 ദിവസം മുന്‍പ്. രണ്ടാമത്തെയാളുടെ സാംപിളെടുത്തത് 22-നാണ്.