വായുമലിനീകരണത്തിനു കാരണം പാക്കിസ്താനിലെ കാറ്റെന്ന് യുപി; എങ്കില്‍ അവിടുത്തെ വ്യവസായം നിരോധിക്കണോയെന്ന് സുപ്രീംകോടതി
സംസ്ഥാനത്ത് വായു മലിനീകരണം നടക്കുന്നത് പാക്കിസ്താനില്‍ നിന്ന് കാറ്റു വന്നാണ് എന്ന് പറഞ്ഞ യുപി സര്‍ക്കാറിനോട് എങ്കില്‍ അവിടുത്തെ വ്യവസായം നിരോധിക്കണോയെന്ന് സുപ്രീംകോടതി. ഉത്തര്‍പ്രദേശ് താഴ്ന്ന ഭാഗത്തായതിനാല്‍ പാക്കിസ്താനില്‍ നിന്ന് കാറ്റു വരികയാണെന്നും അതിനാലാണ് വായുമലിനീകരണം ഉണ്ടാകുന്നതെന്നുമാണ് യുപി സര്‍ക്കാറിന്റെ സീനിയര്‍ അഭിഭാഷകന്‍ രജ്ഞിത് കുമാര്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. ഡല്‍ഹി- ദേശീയ തലസ്ഥാന പ്രദേശത്തെ വായുമലിനീകരണം സംബന്ധിച്ച കേസ് പരിഗണിക്കവേയായിരുന്നു യുപി സാര്‍ക്കാര്‍ പ്രതിനിധിയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ പരിഹസിച്ചത്.
സംസ്ഥാനത്തെ സുഗര്‍ മില്ലുകള്‍ക്കും പാല്‍ വ്യവസായങ്ങള്‍ക്കും മേല്‍ കോടതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതിരിക്കാനായിരുന്നു യുപിയുടെ വാദഗതി. സുഗര്‍ മില്ലുകളുടെ പ്രവര്‍ത്തനം എട്ടു മണിക്കൂര്‍ മാത്രമാക്കരുതെന്നും യുപി അഭിഭാഷകന്‍ വാദിച്ചു. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമുള്ള സിഎന്‍ജി ക്ലീനര്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കാത്ത വ്യവസായങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളിയാഴ്ച വരെ എട്ടു മണിക്കൂര്‍ മാത്രം പ്രവര്‍ത്തിക്കാവൂവെന്ന് എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷന്‍ പറഞ്ഞിരുന്നു. സുപ്രീം കോടതിയുടെ നിരന്തര ഇടപെടല്‍ മൂലം ഡല്‍ഹിയിലെ വായു മലിനീകരണം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ കര്‍മസമിതി രൂപീകരിച്ചിരിക്കുകയാണ്.
നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന ഫ്ളയിങ് സ്‌ക്വാഡുകളുടെ എണ്ണം 40 ആയി 24 മണിക്കൂറിനകം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചിട്ടുമുണ്ട്. അടിയന്തര ദൗത്യ സേന രൂപീകരിച്ചതായി വായു ഗുണനിലവാര കമ്മീഷന്‍ സുപ്രീംകോടതിയില്‍ അറിയിച്ചിട്ടുണ്ട്. വായു മലിനീകരണം കുറച്ചുകൊണ്ടു വരാനുള്ള നടപടികള്‍ തുടരുമെന്നും പറഞ്ഞു. ഇതുവരെ നടപ്പാക്കിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കമ്മീഷന്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുമുണ്ട്. അതിനിടെ, ആശുപത്രികളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ഡല്‍ഹി സര്‍ക്കാറിന് അനുകൂലമറുപടിയാണ് കോടതി നല്‍കിയത്. നേരത്തെ നടപടികള്‍ വേഗത്തിലാക്കണമെന്ന് നിര്‍ദേശിച്ച കോടതി കേന്ദ്രസര്‍ക്കാരും ഡല്‍ഹി സര്‍ക്കാരും സ്വീകരിക്കുന്ന നടപടികളില്‍ ഇന്ന് തൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ്.