ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു

ഇന്തോനേഷ്യയിലെ ജാവാദ്വീപിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതമായ സെമേരു അഗ്നിപര്‍വ്വതമാണ് മാസങ്ങള്‍ക്കിടെ വീണ്ടും പൊട്ടിത്തെറിച്ചത് . കട്ടിയുള്ള പുകച്ചുരുകളുകള്‍ ആകാശമാകെ നിറയുന്നതിനിടെ ഇവിടെനിന്നും ജീവന്‍ രക്ഷിക്കാന്‍ നിലവിളിച്ചു കൊണ്ടോടുന്നവരുടെ ദൃശ്യങ്ങള്‍ ഇന്തോനേഷ്യയിലെ ദുരന്ത നിവാരണ ഏജന്‍സി പുറത്തു വിട്ടു. കഴിഞ്ഞ ജനുവരിയിലാണ് ഇതിനു മുമ്പ് ഈ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. അതിനു മുമ്പ് 2017-ലും 2019-ലും ഇത് പൊട്ടിത്തെറിച്ചു. വര്‍ഷത്തില്‍ രണ്ടു തവണ പൊട്ടിത്തെറിച്ചിരുന്ന പര്‍വ്വതം ഈയടുത്തായി വര്‍ഷത്തില്‍ പല തവണ പൊട്ടിത്തെറിക്കുന്ന സാഹചര്യമാണ്. പലപ്പോഴും വലിയ നാശനഷ്ടങ്ങള്‍ക്കാണ് ഇതിടവരുത്താറുള്ളത്.

ഇന്നലെ ഉച്ചയ്ക്കു ശേഷം ഇന്ത്യന്‍ സമയം മൂന്ന് മണിയോടെയാണ് ലാവാ പ്രവാഹം ആരംഭച്ചെതന്നാണ് റിപ്പോര്‍ട്ട്. സമീപഗ്രാമങ്ങളിലേക്ക് ലാവ അതിവേഗം ഒഴുകാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അവസ്ഥ ഭയാനകമാണെന്നാണ് സര്‍ക്കാര്‍ ഏജന്‍സികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശത്തുനിന്നും ആളുകളെ കുടിയൊഴിപ്പിക്കുന്നത് തുടരുകയാണ്. പ്രദേശത്തുകൂടി പറക്കുന്ന വിമാനങ്ങള്‍ക്ക് ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുകപടലങ്ങളും ചാരവും ആകാശങ്ങളിലേക്ക് വ്യാപിക്കുന്ന വാഹചര്യത്തില്‍ വൈമാനികര്‍ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്.