ഫേസ്ബുക്ക് വഴി ലഭിച്ച കാമുകിയെ നേരിട്ട് കാണാന്‍ കാല്‍ നടയായി ഇന്ത്യയില്‍ എത്താന്‍ ശ്രമിച്ച പാക് യുവാവ് പിടിയില്‍
കാമുകിയെ കാണാന്‍ അമേരിക്കന്‍ അതിര്‍ത്തി വഴി നുഴഞ്ഞു കയറ്റം നടത്തിയ യുവാവിന്റെ കഥയാണ് നാം സി ഐ എ എന്ന ദുല്‍ക്കര്‍ സിനിമയില്‍ കണ്ടത്. സമാനമായ ഒരു സംഭവമാണ് ഇപ്പോള്‍ പാക് ഇന്ത്യന്‍ അതിര്‍ത്തിയിലും നടന്നിരിക്കുന്നത്. പാകിസ്താനിലെ ബഹാവല്‍പൂര്‍ സ്വദേശിയായ 22കാരനായ മുഹമ്മദ് അമീര്‍ ആണ് മുംബൈയിലുള്ള തന്റെ കാമുകിയെ കാണാന്‍ കാല്‍നടയായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച് കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലായത്.
ഫേസ്ബുക്കിലൂടെയാണ് മുംബൈക്കാരിയായ പെണ്‍കുട്ടിയെ ആമിര്‍ പരിചയപ്പെടുന്നത്. പരിചയം വൈകാതെ പ്രണയത്തിലേക്ക് വഴിമാറി. പരസ്പരം നമ്പറുകള്‍ കൈമാറി സമൂഹമാധ്യമങ്ങളിലൂടെ സംസാരം തുടര്‍ന്നു. പ്രണയം തലക്കുപിടിക്കുകയും വിവാഹം കഴിക്കാനുള്ള തീരുമാനവുമുണ്ടായി. ഇതോടെ നേരില്‍ കാണാതെ പറ്റില്ലെന്നായി. അങ്ങനെ നേരില്‍ കാണാന്‍ മുംബൈയിലെത്തുമെന്ന് ആമിര്‍ കാമുകിക്ക് ഉറപ്പുനല്‍കി. തുടര്‍ന്ന് ഇന്ത്യയിലെത്താനുള്ള ഒരുക്കമായി. ഇന്ത്യന്‍ വിസയ്ക്കു വേണ്ടി അപേക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇന്ത്യന്‍ അധികൃതര്‍ അപേക്ഷ തള്ളി. ആ മാര്‍ഗം അടഞ്ഞതോടെ വേറെ വഴികളെക്കുറിച്ചായി ചിന്ത. അങ്ങനെ, കാല്‍നടയായി അതിര്‍ത്തി കടക്കാമെന്ന് തീരുമാനിച്ചത്.
അങ്ങനെ സ്വന്തം ഗ്രാമത്തില്‍നിന്ന് 1,200 കി.മീറ്റര്‍ അകലെയുള്ള മുംബൈ ലക്ഷ്യമാക്കി വീട്ടില്‍നിന്ന് പുറപ്പെട്ടു. കഴിഞ്ഞ ദിവസമാണ് രാജസ്ഥാനിലെ അതിര്‍ത്തിജില്ലയായ ശ്രീഗംഗനഗറിലെത്തുന്നത്. എന്നാല്‍, ഇവിടെ അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യന്‍ അതിര്‍ത്തിസേനയുടെ പിടിയിലായി. ശനിയാഴ്ച രാത്രി അനൂപ്ഗഢില്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് യുവാവ് സൈന്യത്തിന്റെ ശ്രദ്ധയില്‍പെടുന്നത്. ഈ സമയത്ത് ഒരു മൊബൈല്‍ ഫോണും കുറച്ച് നോട്ടുകളും മാത്രമായിരുന്നു ആമിറിന്റെ കൈയിലുണ്ടായിരുന്നതെന്ന് ശ്രീഗംഗനഗര്‍ ജില്ലാ പൊലീസ് സുപ്രണ്ട് ആനന്ദ് ശര്‍മ പറയുന്നു.
ബഹാല്‍പൂരിലെ അതിര്‍ത്തിയില്‍നിന്ന് 150 കി.മീറ്റര്‍ അകലെയുള്ള കുഗ്രാമമായ ഹാസില്‍പൂരില്‍നിന്നാണ് യുവാവ് വരുന്നത്. ഇത്രയും ദൂരം എങ്ങനെ നടന്നെത്തിയതെന്നത് അത്ഭുതപ്പെടുത്തുന്നതാണെന്നാണ് പൊലീസ് പറയുന്നു. അതിര്‍ത്തി കടന്നു കിട്ടിയാലും ആയിരത്തിലേറെ കി.മീറ്റര്‍ ദൂരത്തുള്ള മുംബൈവരെയും നടക്കാന്‍ തന്നെയായിരുന്നു പദ്ധതിയെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് ആനന്ദ് ശര്‍മ അറിയിച്ചു. മുംബൈയിലുള്ള ‘കാമുകി’യെ പൊലീസ് ബന്ധപ്പെടുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ആമിര്‍ പറയുന്ന കഥ സത്യമാണെന്ന് തെളിയുകയും സംശയാസ്പദമായ ഒന്നും കണ്ടെത്തുകയും ചെയ്തില്ലെങ്കില്‍ യുവാവിനെ പാകിസ്താന്‍ സേനയ്ക്ക് കൈമാറുവാന്‍ ആണ് തീരുമാനം