സന്ദീപ് വധക്കേസ് ; പ്രതികള്‍ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം

തിരുവല്ലത്ത് സി പി എം പ്രവര്‍ത്തകന്‍ സന്ദീപിന്റെ കൊലപാതകത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാകാതെ പൊലീസ് മടങ്ങി.ചാത്തങ്കരിയിലെത്തിച്ച പ്രതികള്‍ക്ക് നേരെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് പൊലീസ് മടങ്ങിയത്. സന്ദീപ് കൊലക്കേസ് ആസൂത്രിമാണന്ന് സിപിഎം – ബിജെപി നേതൃത്വങ്ങള്‍ ഒരു പോലെ പറയുന്നതിനിടെയാണ് വിശദമായ അന്വേഷണം പുരോഗമിക്കുന്നത്. തിരുവല്ല ഡിവൈഎസ്പി ടി രാജപ്പന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് നിലവിലെ അന്വേഷണം .

പ്രതികളുടെ പൂര്‍വകാല ബന്ധങ്ങളും ക്രിമിനല്‍ പ്രവര്ത്തനങ്ങളും ഒരു സംഘം അന്വേഷിക്കുമ്പോള്‍ കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റുള്ളവരെ കേന്ദ്രീകരിച്ചാണ് മറ്റൊരു സംഘത്തിന്റെ അന്വേഷണം. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ പ്രതികളുടെ ഫോണ്‍ കോളുകള്‍ സംബന്ധിച്ചും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കാനും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും വാഹനങ്ങളും കണ്ടെത്താനുമാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ള അഞ്ച് പേരെ ജില്ലാ പൊലീസ് മേധാവി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തില് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും അന്വേഷണ സംഘത്തിന് പദ്ധതിയുണ്ട്.