മന്ത്രവാദ ചികിത്സക്കിടെ യുവതിയുടെ മരണം ; ഭര്‍ത്താവിനെതിരെ പരാതിയുമായി ബന്ധുക്കള്‍

കോഴിക്കോട് കല്ലാച്ചി സ്വദേശി നൂര്‍ജഹാന്‍ ആണ് മരിച്ചത്.ആലുവയിലെ മന്ത്രവാദ ചികിത്സാകേന്ദ്രത്തില്‍ വെച്ചാണ് മരണം സംഭവിച്ചത്. സംഭവവുമായി ബന്ധപ്പെട്ട ഭര്‍ത്താവ് ജമാലിമെതിരെ വളയം പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കി. മന്ത്രവാദത്തിലൂടെ അസുഖം ഭേദപ്പെടുമെന്ന് പറഞ്ഞ് യുവതിക്ക് ഭര്‍ത്താവ് ചികിത്സ നിഷേധിച്ചെന്നും ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. യുവതി ഏറെക്കാലമായി അസുഖങ്ങള്‍ കാരണം ബുദ്ധിമുട്ടിലായിരുന്നു. എന്നാല്‍ ആശുപത്രി ചികിത്സയ്ക്ക് പകരം സിദ്ധന്റെ പക്കലാണ് ജമാല്‍ ഭാര്യയെയും കൊണ്ട് എത്തിയിരുന്നത്. ഭാര്യ വീട്ടുകാര്‍ പല തവണ തടയാന്‍ ശ്രമിച്ചു എങ്കിലും ഇയാള്‍ പിന്മാറാന്‍ കൂട്ടാക്കിയില്ല എന്നും ബന്ധുക്കള്‍ പറയുന്നു.