സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പടെ 13 പേര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു ; മരിച്ചവരില്‍ മലയാളിയും
സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു. ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ഹെലികോപ്ടറിലുണ്ടായിരുന്ന മറ്റ് 11 സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പടെ 13 പേരാണ് അപകടത്തില്‍ മരിച്ചതെന്ന് വ്യോമസേന വ്യക്തമാക്കി. ഇതില്‍ ഒരാള്‍ മലയാളിയാണ്.സൈനിക ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ തിരിച്ചറിയാനായി ഡി.എന്‍.എ പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിരും അപകടത്തില്‍ മരിച്ചു.
ദില്ലിയില്‍ നിന്ന് രാവിലെ ഒന്‍പത് മണിക്ക് ജനറല്‍ ബിപിന്‍ റാവത്തും സംഘവും പുറപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് രാജ്യം ആ ദുരന്ത വാര്‍ത്ത കേട്ടത്. സംയുക്ത സൈനിക മേധാവിയും ഭാര്യയും ഉദ്യോഗസ്ഥ സംഘവും ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ പെട്ടെന്നും ജനറല്‍ ബിപിന്‍ റവത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു വ്യോമസേന ആദ്യ ഔദ്യോഗിക വിവരം പുറത്ത് വിട്ടത്. ഈ സമയം പ്രധാനമന്ത്രിയെ കണ്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അപകടത്തിന്റെ വിശദാംശങ്ങള്‍ ധരിപ്പിച്ചു. തുടര്‍ന്ന് അടിയന്തര മന്ത്രിസഭ യോഗം ചേര്‍ന്നു. പ്രതിരോധ മന്ത്രാലയത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നതിന് പിന്നാലെ വ്യോമസേന മേധാവിയെ പ്രതിരോധ മന്ത്രി സംഭവസ്ഥലത്തേക്കയച്ചു. പിന്നാലെ പ്രതിരോധ മന്ത്രി രാജനാാഥ് സിംഗ് സംയുക്ത സൈനിക മേധാവിയുടെ വസതിയിലെത്തി വിവരങ്ങള്‍ മകളെ അറിയിച്ചു. അതിന് ശേഷമാണ് ബിപിന്‍ റാവത്തിന്റെ വിയോഗ വാര്‍ത്ത സ്ഥിരീകരിച്ചത്.
കൂടാതെ മലയാളി സൈനികനായ അസി. വാറന്റ് ഓഫീസര്‍ എ പ്രദീപും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അറക്കല്‍ രാധാകൃഷ്ണന്റെ മകനായ പ്രദീപ് തൃശൂര്‍ സ്വദേശിയാണ്. ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ ഫ്‌ലൈറ്റ് ഗണ്ണര്‍ ആയിരുന്നു വാറന്റ് ഓഫീസര്‍ പ്രദീപ്. 2004 ല്‍ വ്യോമസേനയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് എയര്‍ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയില്‍ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകള്‍ക്കെതിരായ ഓപ്പറേഷന്‍സ്, ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയ സമയത്തെ റെസ്‌ക്യൂ മിഷനുകള്‍ തുടങ്ങിയ അനേകം മിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്. ഹെലികോപ്ടറില്‍ ഉണ്ടായിരുന്നവരില്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമാണ് ഇപ്പോള്‍ ജീവനോടെയുള്ളത്. അദ്ദേഹം വെല്ലിങ്ടണിലെ മിലിട്ടറി ആശുപത്രിയില്‍ ചികിത്സയിലാണ്.
സുലൂരിലെ സൈനിക താവളത്തില്‍ നിന്ന് മി-സീരീസ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ നീലഗിരിയിലാണ് തകര്‍ന്നു വീണത്. സംഭവം സ്ഥിരീകരിച്ച് ഇന്ത്യന്‍ എയര്‍ഫോഴ്സ് ഇങ്ങനെ ട്വീറ്റ് ചെയ്തു: ”സിഡിഎസ് ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ച ഐഎഎഫ് എംഐ-17വി5 ഹെലികോപ്റ്റര്‍ ഇന്ന് തമിഴ്നാട്ടിലെ കൂനൂരിന് സമീപം അപകടത്തില്‍പ്പെട്ടത്. അപകട കാരണം കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കേന്ദ്രമന്ത്രിസഭ യോഗം ചേര്‍ന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. ഏതാനും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും വഹിച്ചുകൊണ്ടുള്ള ഹെലികോപ്റ്റര്‍ കോയമ്പത്തൂരിലെ സുലൂരില്‍ നിന്ന് വെല്ലിംഗ്ടണിലെ ഡിഎസ്സിയിലേക്ക് പോകുകയായിരുന്നു, അവിടെ റാവത്തും ആര്‍മി സ്റ്റാഫ് ചീഫ് എംഎം നരവാനെയും പങ്കെടുക്കേണ്ടിയിരുന്ന പരിപാടി ഉണ്ടായിരുന്നു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ച കുറവായതിനാലാണ് ഹെലികോപ്ടര്‍ വനമേഖലയില്‍ തകര്‍ന്നുവീണതെന്നും റിപ്പോര്‍ട്ടുണ്ട്.