ആമസോണിന് 1.1 ബില്യണ്‍ യൂറോ പിഴ ചുമത്തി ഇറ്റലി

ഓണ്‍ലൈന്‍ വ്യാപാര ഭീമനായ ആമസോണിന് പിഴ ചുമത്തി ഇറ്റലി. കച്ചവടക്കാരുമായി ചേര്‍ന്ന് തട്ടിപ്പ് നടത്തിയതിനാണ് ഇറ്റലിയിലെ ആന്റി ട്രസ്റ്റ് റെഗുലേറ്റര്‍ കമ്പനിക്ക് 1.1 ബില്യണ്‍ യൂറോ പിഴ ചുമത്തിയത്. ഓണ്‍ലൈന്‍ വ്യാപാര രംഗത്തുള്ള മറ്റ് കമ്പനികളെ തകര്‍ക്കുന്നതിന് കമ്പനിയുടെ ലോജിസ്റ്റിക് സേവനങ്ങള്‍ ഉപയോഗിക്കുന്ന മൂന്നാം-കക്ഷി വില്‍പ്പനക്കാരെ ഉപയോഗിച്ചതിനാണ് നടപടി. ആമസോണിനെതിരെ സമാന ആരോപണത്തില്‍ മറ്റ് രാജ്യങ്ങളിലും നടപടിക്ക് നീക്കം നടക്കുന്നുണ്ട്. ഒരു ഉല്‍പ്പന്നം വാങ്ങാന്‍ ഉപഭോക്താക്കള്‍ ക്ലിക്കുചെയ്യുമ്പോള്‍, ഡിഫോള്‍ട്ട് ഓപ്ഷനായി അല്ലെങ്കില്‍ ”ബൈ ബോക്സ്” ആയി ദൃശ്യമാകാന്‍ കൂടുതല്‍ സാധ്യത നല്‍കുന്നതുള്‍പ്പെടെ, അതിന്റെ വെയര്‍ഹൗസും ഡെലിവറി സേവനങ്ങളും ഉപയോഗിക്കാന്‍ പണം നല്‍കിയ ഇറ്റലിയിലെ ചില കച്ചവടക്കാര്‍ക്ക് അമിതമായ പ്രാധാന്യം നല്‍കിയതിനാണ് നടപടി എടുത്തിരിക്കുന്നത്.

1.13 ബില്യണ്‍ യൂറോയുടെ പിഴയാണ് ഇപ്പോള്‍ ഇറ്റലി ആന്റിട്രസ്റ്റ് റെഗുലേറ്റര്‍ ആമസോണിനെതിരെ ചുമത്തിയത്. ആമസോണിനും മറ്റ് വന്‍കിട ടെക് കമ്പനികള്‍ക്കുമെതിരെ യൂറോപ്പിലെയും മറ്റിടങ്ങളിലെയും ആന്റിട്രസ്റ്റ് എന്‍ഫോഴ്സ്മെന്റ് രംഗത്തെത്തിയിട്ടുണ്ട്. ചെറുകിട എതിരാളികളെ തകര്‍ക്കാന്‍ തങ്ങളുടെ ആധിപത്യം ദുരുപയോഗം ചെയ്തുവെന്നാണ് ആമസോണിനെതിരെ ഉയരുന്ന ആരോപണം. പിഴയ്ക്ക് പുറമേ, മൂന്നാം കക്ഷി വില്‍പ്പനക്കാരില്‍ നിന്നുള്ള ലിസ്റ്റിംഗുകള്‍ക്ക് ‘ന്യായവും വിവേചനരഹിതവുമായ മാനദണ്ഡങ്ങള്‍’ നല്‍കാന്‍ ഇറ്റാലിയന്‍ റെഗുലേറ്റര്‍ ആമസോണിനോട് ഉത്തരവിട്ടു, അത് ഒരു നിയുക്ത ട്രസ്റ്റി മുഖേന നിരീക്ഷിക്കും. ആപ്പിള്‍, ഗൂഗിള്‍, ഫേസ്ബുക്ക് എന്നിവയുള്‍പ്പെടെയുള്ള കമ്പനികളും കഴിഞ്ഞ രണ്ട് വര്‍ഷമായി യൂറോപ്യന്‍ യൂണിയനും മറ്റു ചില രാജ്യങ്ങളും ഫയല്‍ ചെയ്ത വിവിധ കേസുകളില്‍ ഔപചാരിക അന്വേഷണങ്ങളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയോ പിഴ ഒടുക്കുകയോ ചെയ്യേണ്ടി വന്നിട്ടുണ്ട്.