സൗദിയില്‍ വാട്ടര്‍ടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു

സൗദി അറേബ്യ : വാട്ടര്‍ടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം ചട്ടിപ്പറമ്ബ് സ്വദേശി കുറ്റിക്കാടന്‍ സലാമിന്റെ മകന്‍ ഷഹീദാണ്(23) മരിച്ചത്. കുടിവെള്ളം വിതരണം ചെയ്യുന്ന മിനി ലോറിയില്‍ ഡ്രൈവറായിരുന്നു ഷഹീദ്. നജറാനിലെ സനാഇയ ഭാഗത്ത് വെള്ളം പമ്പ് ചെയ്യുന്നതിനിടെ ടാങ്ക് ദേഹത്ത് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രണ്ട് വര്‍ഷമായി നജ്റാനില്‍ ജോലി ചെയ്തു വരികയായിരുന്നു ഷഹീദ്. കുറ്റിക്കാടന്‍ സലാമിന്റെയും സാജിദയുടേയും മകനാണ്.

നജ്റാന്‍ കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. വിവിധ പ്രവാസി മലയാളി സംഘടനാപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടവും മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും നാട്ടിലേക്ക് കൊണ്ടുവരിക. കഴിഞ്ഞ ദിവസങ്ങളില്‍ സൗദിയില്‍ ഉണ്ടായ വ്യത്യസ്തമായ അപകടങ്ങളില്‍ ഏഴു മലയാളികള്‍ കൊല്ലപ്പെട്ടിരുന്നു.