മുസ്ലിം പേരുള്ളവര്‍ തീവ്രവാദികള്‍ ; കോണ്‍ഗ്രസ് സമരത്തിനെതിരെ തീവ്രവാദ ആരോപണവുമായി കേരളാ പൊലിസ്
ആലുവയില്‍ സമരം ചെയ്ത മുസ്ലിം നാമധാരിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദ ആരോപണവുമായി കേരളാ പൊലിസ്. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട മോഫിയ പര്‍വ്വീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമരം. സമരത്തില്‍ പങ്കെടുത്ത് പൊലീസ് അറസ്റ്റു ചെയ്ത അല്‍ അമീന്‍, അനസ്, നജീബ് എന്നിവര്‍ക്കെതിരെയാണ് പൊലീസിന്റെ തീവ്രവാദ ആരോപണം. കസ്റ്റഡി അപേക്ഷയിലായിരുന്നു പരാമര്‍ശം. എന്നാല്‍ പൊലീസിന്റെ ആരോപണം കോടതി തള്ളിക്കളഞ്ഞു.
അതെ സമയം പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിനെതിരെ ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എം.എല്‍.എ രംഗത്തുവന്നു. പ്രതികള്‍ തീവ്രവാദി ബന്ധം ഉള്ളവരാണെന്ന് സൂചിപ്പിച്ചത് പ്രതിഷേധാര്‍ഹവും ഈ രീതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് എഴുതിയ പോലീസിനെതിരെ നടപടി സ്വീകരിക്കുമെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. ജനാധിപത്യരീതിയില്‍ സമരം ചെയ്ത കോണ്‍ഗ്രസ് പ്രസ്ഥാനത്തെയും, അതിന്റെ പ്രവര്‍ത്തകരോടുമുള്ള അവഹേളനമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലൂടെ മനസ്സിലാക്കുന്നത്. ഈ തീവ്രവാദി ബന്ധം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത് സര്‍ക്കാരിന്റെ അറിവോടുകൂടി ആണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ ആവശ്യപ്പെട്ടു.