രാജ്യത്തു പ്രമേഹം ഇപ്പോഴും കൂടുതല്‍ കേരളത്തില്‍ ; ശശി തരൂര്‍
ഭാരതത്തിലെ പ്രമേഹ തലസ്ഥാനം ഇപ്പോഴും കേരളം തന്നെയാണ് എന്ന് ശശി തരൂര്‍ എം പി. അതിനാല്‍ പ്രമേഹ ഗവേഷണം കൂടുതല്‍ ഊര്‍ജിതപ്പെടുത്തണമെന്നും തരൂര്‍ പറഞ്ഞു. പി. കേശവദേവ് ട്രസ്റ്റും, ജ്യോതിദേവ്‌സ് ഡയബറ്റിസ് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച ഒരു മാസം നീണ്ടുനിന്ന പ്രമേഹമാസ ബോധവല്‍ക്കരണ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പ്രമേഹരോഗികളുടെ എണ്ണം വര്‍ധിക്കുന്നതിലും പ്രമേഹരോഗം ഉള്ളവരില്‍ ഹൃദ്രോഗം, വൃക്ക രോഗങ്ങള്‍ വര്‍ധിക്കുന്നതിലും കേരളം തന്നെയാണ് മുന്നില്‍. പ്രമേഹം ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ഇത് ഗൗരവത്തോടെ ചര്‍ച്ച ചെയ്യണമെന്നും കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കണമെന്നും ഡോ. ശശി തരൂര്‍ പറഞ്ഞു.
ജ്യോതിദേവ്‌സ് ഡയബറ്റിസ് റിസര്‍ച്ച് സെന്റര്‍ നടത്തി വരുന്ന ലോകോത്തര നിലവാരമുള്ള പ്രമേഹ ഗവേഷണങ്ങള്‍ ശശി തരൂര്‍ അഭിനന്ദിക്കുകയും അതു കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ 20 വര്‍ഷങ്ങളായാണ് കേശവദേവ് ട്രസ്റ്റ് പ്രമേഹ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിവരുന്നത്. കേശവദേവ് ട്രസ്റ്റ് സംഘടിപ്പിച്ച 44 ഓളം പ്രമേഹത്തിനെതിരെയുള്ള ബോധവല്‍ക്കരണ പരിപാടികളിലൂടെ ലക്ഷങ്ങളിലേക്കാണ് വ്യായാമം, ഭക്ഷണക്രമീകരണം, കൃത്യമായ രക്ത പരിശോധന തുടങ്ങിയ ആരോഗ്യസന്ദേശങ്ങള്‍ എത്തിക്കുവാന്‍ സാധിച്ചത്.