സേനാ നായകന് ആദരമര്‍പ്പിച്ച് രാജ്യം

ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ജനറല്‍ ബിപിന്‍ റാവത്തിന് ആദരമര്‍പ്പിച്ച് രാജ്യം. ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. ഡല്‍ഹി ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തില്‍ 17 ഗണ്‍ സല്യൂട്ടോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശസേനാ തവന്മാര്‍,വിവിധ രാജ്യങ്ങളിലെ നയന്ത്ര പ്രതിനിധികള്‍, ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

ജന.ബിപിന്‍ റാവത്തിന്റെയും മധുലിക റാവത്തിന്റെയും മക്കളായ കൃതികയും തരിണിയും കണ്ണീരോടെ മാതാപിതാക്കള്‍ക്ക് വിട നല്‍കി. ജന്മനാട്ടില്‍ നിന്നുള്ള പ്രിയപ്പെട്ടവരും ബന്ധുമിത്രാദികളും അവസാനമായി ജന.ബിപിന്‍ റാവത്തിനെയും ഭാര്യ മധുലികയെയും ഒരുനോക്കുകാണാനായി എത്തി. ഡല്ഹി കാംരാജ് മാര്‍ഗിലെ ഔദ്യോഗിക വസതിയിലെ പൊതുദര്‍ശത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം ബ്രാര്‍ സ്‌ക്വയറിലേക്ക് എത്തിച്ചത്. ആയിരക്കണക്കിന് ജനങ്ങള്‍ വിലാപ യാത്രയില്‍ അണിനിരന്നു. ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ആണ് ജനറല്‍ ബിപിന്‍ റാവത്ത്. 2019 ഡിസംബര്‍ 30നാണ് അദ്ദേഹം ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റത്. ആദ്യത്തെ സിഡിഎസ് കലാപവിരുദ്ധ യുദ്ധത്തില്‍ പരിചയസമ്പന്നനായിരുന്നു അദ്ദേഹം. കൂടാതെ വടക്കന്‍, കിഴക്കന്‍ കമാന്‍ഡുകള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ചില ഭൂപ്രദേശങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

2016 ഡിസംബര്‍ 17ല്‍ 27ാമത് കരസേനാ മേധാവിയായി (സിഒഎഎസ്) ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗില്‍ നിന്ന് ജനറല്‍ ബിപിന്‍ റാവത്ത് ഇന്ത്യന്‍ കരസേനയുടെ ചുമതല ഏറ്റെടുത്തിരുന്നു. നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍ഡിഎ), ഇന്ത്യന്‍ മിലിട്ടറി അക്കാദമി (ഐഎംഎ) എന്നിവയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന റാവത്, 11 ഗൂര്‍ഖ റൈഫിള്‍സിന്റെ അഞ്ചാമത്തെ ബറ്റാലിയനായ പിതാവിന്റെ അതേ യൂണിറ്റില്‍ 1978 ഡിസംബറിലാണ് ഇന്ത്യന്‍ ആര്‍മിയില്‍ കമ്മീഷന്‍ ചെയ്യപ്പെട്ടത്.