ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നൈറ്റ് ഓഫ് ദി ഓര്‍ഡര്‍ ബഹുമതി വിയന്നയിലുള്ള ഫാ. തോമസ് മണലിന്

വിയന്ന: ഓസ്ട്രിയയിലെ ഇറ്റാലിയന്‍ കാത്തലിക് മിഷന്റെ ചാപ്ലയിനായ ഫാ. തോമസ് മണലിന് നൈറ്റ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ഓഫ് ഇറ്റലി (ഷെവലിയാര്‍ പദവി) ബഹുമതി ലഭിച്ചു. ഇറ്റലിയുടെ പ്രസിഡണ്ട് സെര്‍ജിയോ മാറ്ററെല്ല വഴിയായി ലഭിക്കുന്ന പ്രത്യേക ബഹുമതിയാണിത്.

ഇറ്റാലിയന്‍ പ്രസിഡണ്ടിനുവേണ്ടി ഓസ്ട്രിയയിലെ ഇറ്റാലിയന്‍ അംബാസഡര്‍ സെര്‍ജിയോ ബെര്‍ബാന്‍ഡി എംബസിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഷെവലിയാര്‍ പദവി ഫാ. തോമസിന് സമ്മാനിച്ചു. ചടങ്ങില്‍ ഓസ്ട്രിയയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ റവ. പെഡ്രോ ലോപ്പസ് ക്വിന്റാനയും സന്നിഹിതനായിരുന്നു.

ഇറ്റാലിയന്‍ കത്തോലിക്കാ സമൂഹത്തിന്റെ പൊതുവായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഫാ. തോമസ് നല്‍കിയ സ്തുത്യര്‍ഹമായ പ്രതിബദ്ധതയ്ക്ക് ലഭിച്ച അംഗീകാരമാണ് പുരസ്‌കാരമെന്ന് അംബാസഡര്‍ സെര്‍ജിയോ ബെര്‍ബാന്‍ഡി അനുമോദന പ്രസംഗത്തില്‍ പറഞ്ഞു. ഇറ്റാലിയന്‍ കുടുംബങ്ങള്‍ക്കു പൊതുവായ മൂല്യങ്ങളും താല്‍പ്പര്യങ്ങളും പങ്കിടാന്‍ കഴിയുന്ന ഇടം കണ്ടെത്തുന്നതിനും, ഇറ്റലിയും ഓസ്ട്രിയയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഫാ. തോമസിന്റെ പ്രേഷിത ദൗത്യം ഏറെ വിജയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിയന്നയിലെ ഇറ്റാലിയന്‍ കത്തോലിക്കാ സമൂഹത്തിന്റെ അജപാലനദൗത്യം നിര്‍വ്വഹിക്കുന്ന ഫാ. തോമസ് ഫ്രാന്‍സിസ്‌കന്‍ കണ്‍വഞ്ചുല്‍ സന്യാസസമൂഹാംഗവും, സഭയുടെ വിയന്നയിലെ ആശ്രമത്തിന്റെ സുപ്പീരിയറുമാണ്. യൂറോപ്പില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഇറ്റാലിയന്‍, ജര്‍മ്മന്‍ ഭാഷകളില്‍ പ്രത്യേക പ്രാവിണ്യം നേടിയിട്ടുള്ള വ്യക്തിയാണ്. ചങ്ങനാശ്ശേരി അതിരൂപതയിലുള്ള മുട്ടാര്‍ സെന്റ് ജോര്‍ജ് ഇടവാകാംഗമാണ് ഫാ. തോമസ് മണലില്‍.