അട്ടപ്പാടി അനാസ്ഥ : സര്‍ക്കാറിനെ വിമര്‍ശിച്ച ഡോ. പ്രഭുദാസിനെ സ്ഥലംമാറ്റി
അട്ടപ്പാടി വിഷയത്തില്‍ സര്‍ക്കാറിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ സ്ഥലം മാറ്റി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലംമാറ്റിയത്. ആരോഗ്യ മന്ത്രിക്കെതിരായ വിമര്‍ശനത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം. ഭരണ സൗകര്യര്‍ഥമാണ് നടപടിയെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം. പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുള്‍ റഹ്മാനാണ് കോട്ടത്തറ ആശുപത്രിയുടെ ചുമതല നല്‍കിയിരിക്കുന്നത്.
ശിശുമരണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് അട്ടപ്പാടിയെ സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് പ്രഭുദാസ് ആരോപിച്ചിരുന്നു. ആരോഗ്യ മന്ത്രി വീണാജോര്‍ജിന്റെ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു പ്രസ്താവന. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലെ പല മെമ്പര്‍മാരും ബില്ലുകള്‍ മാറാന്‍ കൈക്കൂലി ആവശ്യപ്പെടുകയാണെന്നും ഇത് തടയാന്‍ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് കാരണമെന്നും പ്രഭുദാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മന്ത്രി വീണാ ജോര്‍ജിന്റെ അട്ടപ്പാടി സന്ദര്‍ശനസമയത്ത് അട്ടപ്പാടി നോഡല്‍ ഓഫീസറായ തന്നെ ബോധപൂര്‍വം മാറ്റിനിര്‍ത്തിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
തന്നെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്തിയെന്നും ഇല്ലാത്ത മീറ്റിങ്ങിന്റെ പേരിലാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതെന്നും ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നും ഡോ പ്രഭുദാസ് പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവിന് മുന്‍പ് അട്ടപ്പാടിയിലെത്താനുള്ള തിടുക്കമാകാം ആരോഗ്യമന്ത്രിയുടേത്. തന്റെ ഭാഗം കേള്‍ക്കാതെ തന്നെ അഴിമതിക്കാരനാക്കാനാണ് നീക്കം. തന്നെ മാറ്റിനിര്‍ത്തിയാലും കോട്ടത്തറ ആശുപത്രി വികസിപ്പിക്കുന്നതില്‍ സന്തോഷമേ ഉള്ളൂവെന്നും പ്രഭുദാസ് വ്യക്തമാക്കി.ഇത്രയും കാലം ഇത്തരം അവഗണനയും മാറ്റിനിര്‍ത്തലും നേരിട്ടാണ് താന്‍ വന്നത്.
കോട്ടത്തറയില്‍ ജീവനക്കാരുടെ കുറവടക്കം നിരവധി വിഷയങ്ങളുണ്ട്. അത്തരം കാര്യങ്ങളില്‍ ഞാന്‍ വിശദീകരിക്കേണ്ടത് ഞാന്‍ തന്നെ പറയേണ്ടതാണ്. തന്റെ കൈയ്യില്‍ എല്ലാ രേഖകളുമുണ്ടെന്നും അതിനാല്‍ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഒപ്പം നടന്നവരാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നും തന്റെ കാലത്ത് കൈക്കൂലി അനുവദിക്കില്ലെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും വിജിലന്‍സ് അന്വേഷിക്കണം എന്നാണ് തന്റെ നിലപാടെന്നും ഡോ. പ്രഭദാസ് വ്യക്തമാക്കിയിരുന്നു.