വളര്‍ത്താന്‍ വരുമാനം ഇല്ല കാഞ്ഞിരപ്പള്ളിയില്‍ നാലുദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ ബക്കറ്റില്‍ മുക്കിക്കൊന്നു

വളര്‍ത്താന്‍ വരുമാനം ഇല്ല കാഞ്ഞിരപ്പള്ളിയില്‍ നാലുദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ ബക്കറ്റില്‍ മുക്കിക്കൊന്നു. വീട്ടിലെ പ്രാരാബ്ധം കാരണം അമ്മ നിഷ കുഞ്ഞിനെ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് ദിവസം മുമ്പാണ് കാഞ്ഞിരപ്പള്ളി സ്വദേശികളായ സുരേഷ് – നിഷാ ദമ്പതികളുടെ ആറാമത്തെ കുട്ടിയെ ബക്കറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റ് കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അമ്മ നിഷ കുറ്റം സമ്മതിച്ചത്. വളര്‍ത്താന്‍ സാധിക്കാത്തതിനാല്‍ കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു.

സ്വയം ആലോചിച്ച് ചെയ്തതാണെന്നും പൊലീസ് പറഞ്ഞു. വീട്ടിലുണ്ടായിരുന്ന മൂത്തകുട്ടിയുടേയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. നിഷയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഭര്‍ത്താവ് ജോലിക്ക് പോയ സമയത്താണ് നിഷ കൊലപാതകം നടത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന സൂചനകള്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് നിഷ കുറ്റസമ്മതം നടത്തിയത്. സംഭവ സമയത്ത് നിഷയും കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവ് സുരേഷ് പെയിന്റിംഗ് തൊഴിലാളിയാണ്. കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോള്‍ ബക്കറ്റിലിടാന്‍ മൂത്തകുട്ടിയോടു താന്‍ പറഞ്ഞിരുന്നുവെന്ന് നിഷ നേരത്തെ മൊഴി നല്‍കിയിരുന്നു. കാല്‍ തളര്‍ന്ന് എഴുന്നേറ്റ് നടക്കാന്‍ വയ്യാത്ത അവസ്ഥയിലാണ് നിഷ . മറ്റ് അഞ്ച് കുട്ടികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.