ഗുണ്ടാ പക ; തിരുവനന്തപുരത്ത് യുവാവിന്റെ കാല്‍ വെട്ടിയെടുത്ത് റോഡിലെറിഞ്ഞു
തിരുവനന്തപുരത്ത് ഗുണ്ടാ കുടിപ്പക വീണ്ടും. പോത്തന്‍കോട് മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പോത്തന്‍കോട് സ്വദേശി സുധീഷ് (35) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സുധീഷിന്റെ കാല്‍ വെട്ടിയെടുത്ത ശേഷം ബൈക്കില്‍ എടുത്തു കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. അക്രമികളെ കണ്ട് ഓടി വീട്ടില്‍ കയറിയ സുധീഷിനെ ഇവര്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. ഗുണ്ടാ പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കാല്‍ വെട്ടിയെടുത്ത ശേഷം പരസ്യമായിട്ടാണ് ആക്രമികള്‍ അതുമായി ബൈക്കില്‍ കയറി പോയത്. കാല്‍ പിന്നീട് റോഡിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് സംഘം മടങ്ങിയത്. സുധീഷിന്റെ ദേഹത്താകെ വെട്ടേറ്റ പാടുകള്‍ ഉണ്ട്. വാഹനങ്ങളില്‍ വന്ന സംഘം അക്രമത്തിനു ശേഷം കാല്‍ റോഡിലെറിയുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.