സമരം കടുപ്പിച്ചു പി ജി ഡോക്ടര്‍മാര്‍ ; കോവിഡ് ജോലികള്‍ ഒഴികെയുള്ള ഡ്യൂട്ടികള്‍ ബഹിഷ്‌കരിച്ചു ; ബുദ്ധിമുട്ടി രോഗികള്‍
പത്തു ദിവസമായി തുടരുന്ന സമരം കടുപ്പിച്ച് സംസ്ഥനത്തെ പി ജി ഡോക്ടര്‍മാര്‍. അത്യാഹിതവിഭാഗം ഉള്‍പ്പെടെ ബഹിഷ്‌കരിച്ചാണ് സമരം. പത്ത് ദിവസമായി പ്രതിഷേധം തുടരുന്ന പി ജി ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി എന്നിവിടങ്ങളിലെ ഐസിയു, അത്യാഹിതവിഭാഗം, ലേബര്‍ റൂം ഡ്യൂട്ടികള്‍ ബഹിഷ്‌കരിച്ചു. കോവിഡ് ജോലികള്‍ മാത്രമാണ് ചെയ്തത്. വിവിധ മെഡിക്കല്‍ കോളജുകളിലായി രണ്ടായിരത്തിലധികം പി ജി ഡോക്ടര്‍മാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. സമരത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജുകളില്‍ വെള്ളിയാഴ്ച ചികിത്സ തേടിയെത്തിയ രോഗികള്‍ ബുദ്ധിമുട്ടി. പി.ജി വിദ്യാര്‍ഥികളുടെ സേവനം ഇല്ലാത്തതിനാല്‍ മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയ ഉള്‍പ്പെടെ വരുംദിവസങ്ങളില്‍ മാറ്റിയേക്കും.
എന്നാല്‍ സര്‍ക്കാര്‍ തീരുമാനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഒരുവിഭാഗം ഇടതുപക്ഷ അനുഭാവികള്‍ ആയ പി ജി ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. അതിനിടെ, സമരക്കാര്‍ കോളജ് ഹോസ്റ്റല്‍ ഒഴിയണമെന്ന വിവാദ സര്‍ക്കുലര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍ പിന്‍വലിച്ചു. മെഡിക്കല്‍ കോളജുകളില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കാന്‍ വ്യാഴാഴ്ച രാത്രിയിറക്കിയ ഉത്തരവില്‍ ജോലിയില്‍ ഹാജരാകേണ്ട ദിവസം ചേര്‍ത്തിട്ടില്ലെന്നും വ്യക്തത കുറവുണ്ടെന്നും കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
ആവശ്യമുള്ളതിനേക്കാള്‍ വളരെക്കുറച്ച് പേരെ മാത്രമാണ് നിയമിക്കുന്നത്. നീറ്റ് പി.ജി അലോട്ട്മെന്റ് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് കത്തയക്കണമെന്നും എല്ലാ വര്‍ഷവും ഉണ്ടാകുന്ന സ്‌റ്റൈപന്റിലെ വര്‍ധന പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം തുടരുന്നത്.സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് കെജിഎംസിടിഎ ഉള്‍പ്പെടെ സംഘടനകള്‍ ആവശ്യപ്പെട്ടു. അതിനിടെ, സര്‍ക്കാറിന് അനുഭാവപൂര്‍ണമായ സമീപനമാണുള്ളതെന്നും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന സമരം മെഡിക്കല്‍ പി ജി വിദ്യാര്‍ഥികള്‍ അവസാനിപ്പിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആവശ്യപ്പെട്ടു.