എസ്.എന്‍.ഡി.പി യോഗം തിരഞ്ഞെടുപ്പിന് കൊല്ലം ജില്ലാ കോടതിയുടെ സ്റ്റേ

വെള്ളാപ്പള്ളി നടേശനും, തുഷാര്‍ വെള്ളാപ്പള്ളിയും, ഡോ. എം.എന്‍ സോമനും, അരയക്കണ്ടി സന്തോഷും കമ്പനി യോഗത്തിന്റെ ഭാരവാഹികളായി തുടരുന്നതും വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതും കമ്പനി നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അവരുടെ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ച റിട്ടേണിങ് ഓഫീസറുടെ നടപടി ചോദ്യം ചെയ്ത വാദികളായ ആര്‍. വിനോദ് കുമാര്‍ (സൌത്ത് ഇന്ത്യന്‍ വിനോദ്), രാജീവ്, മിഥുന്‍ സാഗര്‍ എന്നിവര്‍ ചേര്‍ന്ന് കൊല്ലം പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയില്‍ ബോധിപ്പിച്ച കേസിലെ ഇടക്കാല ഇന്‍ജംഗ്ഷന്‍ ഹര്‍ജി തള്ളപെട്ടതിനെതിരെ ബോധിപ്പിച്ച അപ്പീല്‍ കൊല്ലം ജില്ലാ ജഡ്ജി ഫയലില്‍ സ്വീകരിച്ചു. അപ്പീല്‍ വാദം കേട്ട് തീരുമാനം ആകും വരെ തിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകുന്നതല്ല എന്ന റിട്ടേണിങ് ഓഫീസര്‍ റിട്ടയര്‍ഡ് ജില്ലാ ജഡ്ജി ബി. ജി ഹരീന്ദ്രനാഥ് കോടതിയില്‍ കൊടുത്ത അണ്ടര്‍ടേക്കിങ് കോടതി രേഖപ്പെടുത്തി. കോടതിയുടെ അനുവാദം ഇല്ലാതെ തിരഞ്ഞെടുപ്പ് നടത്താന്‍ പാടില്ലെന്ന് കോടതി ഉത്തരവായി.

കേസില്‍ വാദം കേട്ട കൊല്ലം പ്രിന്‍സിപ്പല്‍ മുന്‍സിഫ് ശ്രീമതി നിയത പ്രസാദ് എസ്.എന്‍.ഡി.പി യോഗം ബോര്‍ഡ് മെമ്പര്‍ കെ.എ പ്രസാദിന്റെ മകളാണെന്നും ടിയാളുടെ പിതാവും കമ്പനി നിയമ പ്രകാരം അയോഗ്യത നേരിടുന്ന വ്യക്തിയാണെന്നും ആ നിലയില്‍ വാദം കേട്ട മുന്‍സിഫിന് തര്‍ക്ക സംഗതിയില്‍ വ്യക്തിപരമായ താല്പര്യ സാധ്യത നിലനില്‍ക്കെ ടിയാള്‍ കേസ് പരിഗണിക്കാന്‍ പാടില്ലായിരുന്നു എന്നും ടി മുന്‍സിഫിന്റെ പ്രവര്‍ത്തി കോടതി അലക്ഷ്യമാണെന്നും മറ്റും ആരോപിച്ച് അപ്പീല്‍ കക്ഷികള്‍ ജില്ലാ ജഡ്ജിക്കും ഹൈ കോടതി ജഡ്ജിക്കും പരാതിപ്പെട്ടിരിക്കുകയാണ്.

വ്യക്തി താല്പര്യം ഉള്ള തര്‍ക്ക സംഗതിയില്‍ ന്യായാധിപര്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ പാടില്ലെന്ന നിയമ വ്യവസ്ഥക്ക് വിരുദ്ധമായി പെരുമാറിയ മുന്‍സിഫിന്റെ നടപടി നിയമാവസരങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. വാദികള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വക്കേറ്റ് കെ. രാംകുമാറും, അഡ്വക്കേറ്റ് നീണ്ടകര ആര്‍. രമേശ്കുമാറും ഹാജരായി.