മുംബൈയില്‍ ഡാന്‍സ് ബാറിലെ രഹസ്യമുറിയില്‍ നിന്ന് രക്ഷിച്ചത് 17 യുവതികളെ

മുംബൈയിലെ അന്ധേരിയിലെ ഒരു ബാറില്‍ നിന്നാണ് ഇത്രയും പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തിയത്. പതിനഞ്ച് മണിക്കൂര്‍ നീണ്ട പരിശോധനയ്ക്ക് ഒടുവിലാണ് പൊലീസിന് സ്ത്രീകളെ ഒളിപ്പിച്ച ബാറിലെ രഹസ്യമുറി കണ്ടെത്താനായത്. രഹസ്യമുറിയില്‍ എസിയും വെന്റിലേഷനും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ശീതളപാനീയളും ബാര്‍ അധികൃതര്‍ ഈ മുറിയില്‍ സൂക്ഷിച്ചിരുന്നു. യുവതികളെ ഇവിടെ നിന്നും രക്ഷിച്ച പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് 20 പേര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തു.

കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ബാര്‍ നടത്തുന്നതായി പൊലീസില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് പൊലീസ് പരിശോധന നടത്തിയത്. പ്രവര്‍ത്തന സമയം കഴിഞ്ഞിട്ടും ബാര്‍ തുറക്കുന്നതായും പരാതിയില്‍ പറയുന്നു. ബാറില്‍ മുഴുവന്‍ പൊലീസ് അരിച്ചുപെറുക്കിയിട്ടും ബാര്‍ഗേള്‍സിനെ കണ്ടെത്തായിരുന്നില്ല. പിറ്റേദിവസം അതിരാവിലെ പൊലീസ് വീണ്ടും പരിശോധന നടത്തി. അതിനിടെയാണ് ഗ്രീന്‍ റൂമിന് സമീപം ഒരു ഗ്ലാസ് പാനല്‍ സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയത്.

ഇത് തല്ലിതകര്‍ത്തപ്പോഴാണ് ഒരു ഇലക്ട്രോണിക് ഡോര്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അത് തുറന്നപ്പോഴാണ് ചെറിയ ഒരു ചെറിയ രഹസ്യമുറി കണ്ടെത്തിയത്. അതിനകത്തായിരുന്നു 17 ബാര്‍ഗേള്‍സിനെ ഒളിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. ബാര്‍ ക്‌ളോസ് ചെയ്യുന്ന സമയം മുഴുവന്‍ പെണ്‍കുട്ടികള്‍ ഈ ഇടുങ്ങിയ മുറിയിലാണ് കഴിച്ചു കൂട്ടിയിരുന്നത്. പലരും പുറം ലോകം കണ്ടിട്ട് ആഴ്ചകളായി എന്നും പോലീസ് പറയുന്നു.