വിശ്വസുന്ദരി വീണ്ടും ഇന്ത്യക്കാരി ; നേട്ടം സ്വന്തമാക്കുന്ന മൂന്നമത്തെ ഇന്ത്യന്‍ വനിതയായി ഹര്‍നാസ് സന്ധു

വിശ്വസുന്ദരി കിരീടം വീണ്ടും ഇന്ത്യയിലേയ്ക്ക്. ഇസ്രായേലില്‍ നടന്ന മിസ് യൂണിവേഴ്‌സ് 2021 (Miss Universe pageant 2021) മത്സരത്തില്‍, നടിയും മോഡലുമായ ഹര്‍നാസ് കൗര്‍ സന്ധു വിജയിയായി. ഹര്‍നാസിനെ കൂടാതെ ദക്ഷിണാഫ്രിക്കയുടെ ലാലേല മസ്വനെ സെക്കന്‍ഡ് റണ്ണറപ്പും പരാഗ്വേയുടെ നാദിയ ഫെരേര ഫസ്റ്റ് റണ്ണറപ്പുമായി പ്രഖ്യാപിക്കപ്പെട്ടു. പരിപാടിയുടെ 70-ാം പതിപ്പായിരുന്നു ഇത്. ഇസ്രയേലിലെ ഐലാറ്റില്‍ നടന്ന 70-ാമത് മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പഞ്ചാബില്‍ നിന്നുള്ള 21 കാരിയായ ഹര്‍നാസ് പങ്കെടുത്തു. 2000-ല്‍ ലാറ ദത്ത കിരീടം നേടിയതിന് 21 വര്‍ഷത്തിന് ശേഷമാണ് കിരീടം വീണ്ടും ഇന്ത്യയില്‍ എത്തുന്നത്. ലാറയ്ക്കും ഹര്‍നാസിനും പുറമെ ആദ്യമായി സുസ്മിത സെന്‍ ആണ് 1994-ല്‍ കിരീടം നേടിയ ഇന്ത്യക്കാരി.

”ഇന്നത്തെ യുവത നേരിടുന്ന ഏറ്റവും വലിയ സമ്മര്‍ദ്ദം തങ്ങളില്‍ വിശ്വസിക്കുക എന്നതാണ്. നിങ്ങള്‍ അതുല്യമാണെന്ന് അറിയുന്നത് നിങ്ങളെ സുന്ദരമാക്കുന്നു. മറ്റുള്ളവരുമായി നിങ്ങളെത്തന്നെ താരതമ്യം ചെയ്യുന്നത് നിര്‍ത്തുക, ലോകമെമ്പാടും നടക്കുന്ന കൂടുതല്‍ പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് നമുക്ക് സംസാരിക്കാം. പുറത്തുവരൂ, സംസാരിക്കൂ, കാരണം നിങ്ങളാണ് നിങ്ങളുടെ ജീവിതത്തിന്റെ നേതാവ്. നിങ്ങള്‍ നിങ്ങളുടെ സ്വന്തം ശബ്ദമാണ്. ഞാന്‍ എന്നില്‍ വിശ്വസിച്ചു, അതുകൊണ്ടാണ് ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നത്.’ ഹര്‍നാസ് പറയുന്നു. അതുപോലെ എന്താണ് ഇഷ്ട ഹോബി എന്ന ചോദ്യമാണ് ഹര്‍നാസ് സന്ധുവിനോട് അവതാരകന്‍ സ്റ്റീവ് ഹാര്‍വി ചോദിച്ചത്. മൃഗങ്ങളെ അനുകരിക്കലാണ് എന്നതായിരുന്നു ഹര്‍നാസ് സന്ധുവിന്റെ ഉത്തരം. ഉടന്‍ അവതാരകന്‍ എന്നാല്‍ ഒരു മൃഗത്തെ അനുകരിക്കൂ എന്ന് ആവശ്യപ്പെട്ടു. ഇടന്‍ നമസ്‌തേ എന്ന് പറഞ്ഞ്, പൂച്ചയുടെ ശബ്ദം ഹര്‍നാസ് സന്ധു അനുകരിച്ചു. നിറഞ്ഞ കയ്യടിയോടെയാണ് ആരാധകര്‍ അത് സ്വീകരിച്ചത്.