നവജാത ശിശുവിനെ തല ഭിത്തിയില്‍ ഇടിപ്പിച്ചു കൊലപ്പെടുത്തി ; റാന്നിയില്‍ അമ്മ അറസ്റ്റില്‍

മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ തല ഭിത്തിയില്‍ ഇടിപ്പിച്ചു കൊന്ന സംഭവത്തില്‍ ‘അമ്മ അറസ്റ്റില്‍. റാന്നി പഴവങ്ങാടിയില്‍ കോട്ടയം സ്വദേശി ബ്ലസി (21) ആണ് അറസ്റ്റിലായത്. 27 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ് ആണ് മരിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന കുഞ്ഞ് നിരന്തരം കരയുന്നതില്‍ ദേഷ്യപ്പെട്ടാണ് കൊലപാതകം ചെയ്തതെന്നാണ് അമ്മയുടെ മൊഴി. ഈ മാസം എട്ടാം തിയതിയാണ് കുഞ്ഞ് കൊല്ലപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി ക്ഷതമേറ്റ നിലയിലായിരുന്നു കുഞ്ഞിനെ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്റെ തലയിലെ ആഴത്തിലുള്ള മുറിവ് കട്ടിലില്‍ നിന്ന് വീണത് മൂലമാണെന്നായിരുന്നു അമ്മ ബ്ലസി ഡോക്ടര്‍മാരേട് പറഞ്ഞത്. എന്നാല്‍ മുറിവ് കണ്ട് സംശയം തോന്നിയതോടെയാണ് പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലമായി തല ഇടിപ്പിച്ചതാണ് മരണകാരണമെന്ന് വ്യക്തമായി.

ഇതോടെയാണ് അമ്മയെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയത്. ചോദ്യം ചെയ്യലില്‍ കുട്ടിയെ ഭിത്തിയില്‍ തല ഇടിപ്പിച്ച് കൊന്നതാണെന്ന് ബ്ലെസി സമ്മതിച്ചു. മാസം തികയാതെ ജനിച്ച കുഞ്ഞിന് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ശാരീരിക വെല്ലുവിളികള്‍ കുട്ടിയുടെ കരച്ചിലടക്കം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയുള്ള മാനസിക സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇരുപത്തിയൊന്ന് വയസ് പ്രായമുള്ള ബ്ലെസി വിദ്യാര്‍ത്ഥിയാണ് . വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.