കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍നിയമനത്തിന് സമ്മര്‍ദ്ദം ചെലുത്തി മന്ത്രി ആര്‍ ബിന്ദു ഗവര്‍ണര്‍ക്ക് അയച്ച കത്ത് പുറത്ത് ; പ്രതിരോധത്തില്‍ സര്‍ക്കാര്‍
സര്‍ക്കാരിനെ പ്രതിരോധതതിലാക്കി കണ്ണൂര്‍ സര്‍വകലാശാലയില്‍ വൈസ് ചാന്‍സിലര്‍ പുനര്‍ നിയമനത്തിന് സമ്മര്‍ദ്ദം ചെലുത്തിയത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ആണെന്നതിനുള്ള തെളിവ് പുറത്ത്. മന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നോമിനിയെ ഗവര്‍ണറുടെ നോമിനി ആക്കാനാണ് മന്ത്രി ആര്‍ ബിന്ദു ഇടപെട്ടതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വി സി നിയമനത്തിന് ഇറക്കിയ അപേക്ഷ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതും മന്ത്രിയാണ്. സെര്‍ച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശുപാര്‍ശ ചെയ്തെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി 2021 നവംബറില്‍ അവസാനിക്കുന്നതിനാല്‍ അദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കണമെന്നു പ്രോ വൈസ് ചാന്‍സലര്‍ എന്ന രീതിയില്‍ നിര്‍ദേശിക്കുകയാണെന്ന് കത്തില്‍ മന്ത്രി വ്യക്തമാക്കുന്നു. യൂണിവേഴ്സിറ്റി നേട്ടങ്ങള്‍ സ്വന്തമാക്കിയത് ഗോപിനാഥ് രവീന്ദ്രന്‍ വിസി ആയിരുന്ന സമയത്താണ്. അദ്ദേഹം മുന്‍കൈയെടുത്ത് പുതിയ റിസര്‍ച് ഡയറക്ടറേറ്റ് തുടങ്ങി. ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി നീട്ടി നല്‍കുന്നത് സര്‍വകലാശാലയ്ക്കു ഗുണകരമാകും. കണ്ണൂര്‍ സര്‍വകലാശാലയുടെ നിയമങ്ങള്‍ അനുസരിച്ച് വൈസ് ചാന്‍സലറെ രണ്ടാമത് നിയമിക്കുന്നതിനു തടസ്സമില്ലെന്നും കത്തില്‍ മന്ത്രി വ്യക്തമാക്കുന്നു.
സെര്‍ച്ച് കമ്മിറ്റി ചേര്‍ന്ന് യോഗ്യരായ മൂന്നു പേരെ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യുകയാണ് വേണ്ടിയിരുന്നതെന്ന് പ്രതിപക്ഷം പറയുന്നു. കമ്മിറ്റിയില്‍ യുജിസി പ്രതിനിധിയും അംഗമാകണം. മുന്‍പ് ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. മോഹനന്‍ കുന്നുമ്മലിനെ ഗവര്‍ണര്‍ നിയമിച്ചതില്‍ സര്‍ക്കാരിന് അതൃപ്തിയുണ്ടായിരുന്നു. 3 അംഗ പാനലില്‍ നിന്ന് മറ്റൊരാളെ നിയമിക്കാനാണ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഗവര്‍ണര്‍ അതിനു വഴങ്ങിയില്ല. കണ്ണൂരിലും 3 പേരുടെ പട്ടിക നല്‍കിയാല്‍ തങ്ങള്‍ പറയുന്നയാളിനെ ഗവര്‍ണര്‍ നിയമിക്കും എന്ന് ഉറപ്പില്ല. അങ്ങനെ വന്നാല്‍ യൂണിവേഴ്‌സിറ്റി ഭരണം തങ്ങളുടെ പിടിയില്‍ നിന്നേക്കില്ല എന്ന ആശങ്കയാണ് സര്‍ക്കാരിനുണ്ടായത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അടുത്തിടെ നടന്ന ചില അധ്യാപക നിയമനങ്ങള്‍ വിവാദമായ അവസ്ഥയില്‍ പ്രത്യേകിച്ചും. ഇതാണ് തിടുക്കപ്പെട്ട് നിലവിലുള്ള വിസിയെ തന്നെ പുനര്‍നിയമിച്ചത് എന്നാണ് ആരോപണം.
അതേസമയം വി സി നിയമനത്തില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടയില്‍ മുഖ്യമന്ത്രിയുമായി എ. ജി (Advocate General) കൂടിക്കാഴ്ച നടത്തി. വി സി നിയമനത്തില്‍ ഗവര്‍ണര്‍ തന്നോട് നിയമോപദേശം തേടിയിട്ടില്ലെന്നും താന്‍ സര്‍ക്കാറിനാണ് നിയമോപദേശം നല്‍കിയത് എന്നും കൂടിക്കാഴ്ചക്കുശേഷം എ ജി മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ഗവര്‍ണറുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നിയമന രേഖകള്‍ വിളിച്ചു വരുത്തി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു.