സ്വിസ്സിലെ വേള്‍ഡ് മലയാളി കൗണ്‍സിലിന് ആദ്യമായി വനിത ചെയര്‍പേഴ്‌സണ്‍: പ്രോവിന്‍സിന് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രോവിന്‍സിന് 2022-2023 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയര്‍പേഴ്‌സണായി മോളി പറമ്പേട്ടും പ്രസിഡണ്ടായി സുനില്‍ ജോസഫും സെക്രട്ടറിയായി ബെന്‍ ഫിലിപ്പും ട്രഷററായി ജിജി ആന്റണിയും തെരഞ്ഞെടുക്കപ്പെട്ടു.

ഡിസംബര്‍ പതിനൊന്നാം തീയതി സൂറിച്ച് റാഫ്‌സില്‍ വെച്ച് നടത്തിയ ജനറല്‍ബോഡി യോഗത്തില്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പറും ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ആയി നിയമിക്കപ്പെട്ട പാപ്പച്ചന്‍ വെട്ടിക്കലിന്റെ മേല്‍നോട്ടത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. WMC സ്വിസ്സ് പ്രൊവിന്‍സിന്റെ 26 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപെടുന്നത്.

ഈ വര്‍ഷത്തെ WMC സ്വിസ്സ് പ്രൊവിന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ പ്രസിഡണ്ട് സുനില്‍ ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ ചെയര്‍മാന്‍ ജോണി ചിറ്റക്കാട്ട് ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും സെക്രട്ടറി മിനി ബോസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും തുടര്‍ന്ന് പ്രസിഡണ്ട് സുനില്‍ ജോസഫ് കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ട്രഷറര്‍ ജിജി ആന്റണി കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്തു

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ 2021 വര്‍ഷം വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രൊവിന്‍സ് നടത്തിയ വിവിധ പ്രോഗ്രാമുകള്‍ യോഗം വിലയിരുത്തി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഭാരവാഹികളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. സംഘടനയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വിമന്‍സ് ഫോറം ഉള്‍പ്പടെ മറ്റ് അംഗങ്ങളെയും പ്രത്യേകം അഭിനന്ദിച്ചു.

2021 നവംബര്‍ 13 റാഫ്‌സില്‍ വച്ച് നടത്തിയ കേരളപിറവി സല്യൂട്ട് ദി വാരിയര്‍ ആഘോഷങ്ങള്‍ വന്‍ വിജയമാക്കിത്തീര്‍ത്ത എല്ലാവര്‍ക്കും പ്രത്യേകം അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു സ്‌നേഹവിരുന്നോടെ തിരഞ്ഞെടുപ്പ് പൊതുയോഗം സമാപിച്ചു.