മനുഷ്യനെകൊണ്ട് ചുമടെടുപ്പിക്കുന്ന രീതി നിര്‍ത്തലാക്കണമെന്ന് ഹൈക്കോടതി
മനുഷ്യര്‍ ചുമടെടുപ്പിക്കുന്ന രീതി നിര്‍ത്തലാക്കണമെന്ന് ഹൈക്കോടതി. തലച്ചുമടെടുക്കുക എന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. യന്ത്രങ്ങളില്ലാത്ത കാലത്തെ തൊഴില്‍ സംവിധാനം ഇപ്പോഴും തുടരുന്നത് ശരിയല്ല. ചിലര്‍ ചുമട്ട് തൊഴിലാളികള്‍ അങ്ങനെ തുടരണമെന്ന് ആഗ്രഹിക്കുന്നു. അതിന് പിന്നില്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങളാണെന്ന് കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ വിധേയത്വം വച്ച് ആര്‍ക്കും ലോഡിംഗ് തൊഴിലാളിയാകാം. പിന്നെ തോന്നിയ പോലെ എന്ത് അക്രമവും കാണിക്കാം എന്നതാണ് അവസ്ഥ. മെഷീന്‍ ജോലി ചെയ്യുന്നു, ചിലര്‍ നോക്കുകൂലി പറ്റുന്നു. ഇതെന്ത് രീതിയെന്നും കോടതി ചോദിച്ചു.
നോക്കുകൂലി ഒരു മാനുഷിക വിരുദ്ധമായ ജോലിയല്ലേയെന്ന് കോടതി ചോദിച്ചു. ആരുടെയൊക്കെയോ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി ഈ രീതി തുടരുകയാണ്. മെഷീനുകള്‍ ചെയ്യേണ്ട ജോലി മനുഷ്യന്‍ ചെയ്യേണ്ടതുണ്ടോയെന്നും കോടതി ആരാഞ്ഞു. എന്നാല്‍ തൊഴിലാളികളെ സംരക്ഷിക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിലും ചുമട്ട് തൊഴിലാളികള്‍ ഉണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ തലച്ചുമട് നിരോധിച്ചേ തീരൂവെന്ന് കോടതി നിലപാട് കടുപ്പിച്ചു. മറ്റ് രാജ്യത്തൊന്നും തലച്ചുമട് നടക്കില്ലെന്നും കോടതി വ്യക്തമാക്കി.