പത്മനാഭപുരം കോട്ട സംരക്ഷിക്കണം : തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന് കത്തയച്ചു കെ.സുരേന്ദ്രന്‍
തമിഴ്‌നാടിന്റെ അധീനതയിലുള്ള പത്മനാഭപുരം കോട്ട സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു. കന്യാകുമാരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന 275 വര്‍ഷം പഴക്കമുള്ള പത്മനാഭപുരം പൈതൃക കോട്ട തിരുവിതാംകൂറിന്റെ സൈനിക തന്ത്രത്തിന്റെ ഉജ്ജ്വല ഉദാഹരണമാണ്. പത്മനാഭപുരം കോട്ട പോലെയുള്ള പൈതൃക നിര്‍മിതികള്‍ എന്ത് വില കൊടുത്തും സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്ന കോട്ടയുടെ പരിപാലനത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജോലിക്കാരെ പിന്‍വലിച്ചുവെന്ന പത്രവാര്‍ത്തയും കോട്ടയില്‍ വിള്ളലുണ്ടാവുന്നതും സുരേന്ദ്രന്‍ സ്റ്റാലിന്റെ ശ്രദ്ധയില്‍ പെടുത്തി. പത്മനാഭപുരം കോട്ടയുമായി കേരളത്തിന് സാംസ്‌ക്കാരികവും വൈകാരികവുമായ ബന്ധമാണുള്ളത്. കോട്ട സംരക്ഷിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്നും കത്തില്‍ ബിജെപി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.