ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ; സോഷ്യല്‍ മീഡിയയില്‍ പുതിയ വിവാദം
ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതി നടപ്പാക്കി ബാലുശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂള്‍. പ്ലസ് വണ്‍ ബാച്ചിലെ 260കുട്ടികളാണ് പുതിയ യൂണിഫോം ധരിച്ചെത്തിയത്. രാവിലെ പതിനൊന്ന് മണിക്ക് മന്ത്രി ആര്‍. ബിന്ദു പദ്ധതി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് തന്നെ ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രം യൂണിഫോമാക്കിയ ആദ്യത്തെ ബാച്ച് ആണ് ഇവിടെ. പെണ്‍കുട്ടികള്‍ക്ക് പാന്റും ഷര്‍ട്ടും യൂണിഫോം ആക്കാനുള്ള തീരുമാനം ഒറ്റക്കെട്ടായിരുന്നെന്ന് പ്രിന്‍സിപ്പളും രക്ഷിതാക്കളും പറയുന്നു. പദ്ധതിയുടെ പ്രഖ്യാപനം സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു നിര്‍വഹിച്ചു. പുതിയ യൂണിഫോം എന്തു കൊണ്ടും സൗകര്യമാണെന്ന് വിദ്യാര്‍ത്ഥികളും പറയുന്നു.
അതേസമയം പദ്ധതി വെറും മണ്ടത്തരവും പുരുഷ മേധാവിത്വം കുട്ടികള്‍ അടിച്ചു ഏല്‍പ്പിക്കുന്നതുമാണ് എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ജെന്‍ഡര്‍ ന്യൂട്രല്‍ ആണ് ഉദ്ദേശം എങ്കില്‍ എന്ത് കൊണ്ട് ആണ്‍കുട്ടികള്‍ക്ക് പാവാട നിര്ബന്ധമാക്കുന്നില്ല എന്ന മറു ചോദ്യവും ഉയരുന്നുണ്ട്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ആണ് അനുവാദം കൊടുക്കേണ്ടത് എന്നും പറയുന്നവര്‍ ഉണ്ട്. അതുപോലെ എന്‍ജിനിയറിങ് കോളേജുകളിലും മറ്റും പണ്ടേ ഇത്തരത്തിലാണ് യൂണിഫോം എന്നും ഇപ്പോള്‍ ഉള്ളതില്‍ എന്ത് പുതുമയാണ് എന്ന ചോദ്യവും ഉയരുന്നുണ്ട്. അതുപോലെ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള വളയന്‍ചിറങ്ങര ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളാണ് സംസ്ഥാനത്ത് ആദ്യമായി യൂണിസെക്‌സ് യൂണിഫോം പുറത്തിറക്കിയത്. ത്രീ-ഫോര്‍ത്ത് ഷോര്‍ട്ട്‌സും ഷര്‍ട്ടും ധരിച്ചാണ് അവിടെ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ എത്തുന്നത്.
അതേസമയം മറ്റൊരു വശത്തു മത സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി സ്‌കൂളിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനത്തിന് മുന്നേ തന്നെ തുടങ്ങിയ മതസംഘടനകളുടെ പ്രതിഷേധം സ്‌കൂളിലേക്കുള്ള മാര്‍ച്ച് വരെയെത്തി. മുസ്ലിം ലീഗ്, ഇരു വിഭാഗം സുന്നി സംഘടനകള്‍, മുജാഹിദ് സംഘടനകള്‍, ജമാ അത്തെ ഇസ്ലാമി തുടങ്ങിയവരുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി ആണ് പ്രതിഷേധം സംഘടിപ്പിച്ചത്. നാട്ടില്‍ ഇപ്പോള്‍ സര്‍വ്വ സാധാരണമായി പെണ്‍കുട്ടികള്‍ ജീന്‍സും ടോപ്പും ഇട്ടു നടക്കുബോള്‍ എന്തിനു വേണ്ടിയാണു ഇപ്പോള്‍ ഇത്തരത്തില്‍ ഒരു നടപടി എന്നും ചോദ്യം ഉയരുന്നുണ്ട്.